സുരേഷ്ബാബു ഐഎന്‍ടിയുസി പ്രസിഡന്റ്
കൊച്ചി: ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റായി കെ. സുരേഷ്ബാബു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരത്തിന് സാധ്യതയുണ്ടായിരുന്നുവെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ഇടപെട്ട് അവസാനഘട്ടത്തില്‍ മത്സരം ഒഴിവാക്കുകയായിരുന്നു.
പുതിയ സംസ്ഥാന കമ്മിറ്റിയെയും മറ്റ് ഭാരവാഹികളെയും പിന്നീട് തീരുമാനിക്കും. വിവിധ ഗ്രൂപ്പുകളുമായി ആലോചിച്ച് പ്രസിഡന്റ് ഭാരവാഹികളെ നിശ്ചയിക്കും. ഇതിനായി പ്രസിഡന്റിന് അനുമതി നല്‍കുന്ന പ്രമേയം ജനറല്‍ കൗണ്‍സില്‍ പാസാക്കി.
ഐ ഗ്രൂപ്പിലെ തന്നെ പി. എ. ജോസഫിന്റെ നേതൃത്വത്തിലുള്ള പാനലാണ് സുരേഷ് ബാബുവിനെതിരെ മത്സരിക്കാനൊരുങ്ങിയിരുന്നത്. എന്നാല്‍ പി. എ. ജോസഫിനെയും മറ്റ് നേതാക്കളെയും വിളിച്ചുവരുത്തി കരുണാകരന്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് മത്സരം ഒഴിവാകുകയായിരുന്നു.
ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത കരുണാകരന്‍ ഐഎന്‍ടിയുസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതേവരെ തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ സുരേഷ് ബാബുവിനെ നിര്‍ദേശിക്കുന്നെന്നും പറഞ്ഞു.












Click it and Unblock the Notifications