പിഡിപി മനുഷ്യമതില്‍ തീര്‍ക്കും
കൊച്ചി: കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെ കേരളത്തിന് വിട്ടുതരണമെന്നാവശ്യപ്പട്ട് കേരളാ- തമിഴ്നാട് അതിര്‍ത്തിയില്‍ പിഡിപി പ്രവര്‍ത്തകര്‍ മനുഷ്യമതില്‍ തീര്‍ക്കും. ഒക്ടോബര്‍ 29 തിങ്കളാഴ്ചയാണ് പിഡിപി മനുഷ്യമതില്‍ സൃഷ്ടിച്ച് അതിര്‍ത്തി പിക്കറ്റ് ചെയ്യുക.
കേരള- തമിഴ്നാട് അതിര്‍ത്തിയായ ആര്യങ്കാവ്, വാളയാര്‍ ചെക്ക് പോസ്റുകളിലാണ് പിഡിപി പ്രവര്‍ത്തകര്‍ മനുഷ്യമതില്‍ സൃഷ്ടിക്കുകയെന്ന് പിഡിപി ജനറല്‍ സെക്രട്ടറി പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിഡിപിയുടെ ഈ മനുഷ്യമതില്‍ പിക്കറ്റിംഗ് മനുഷ്യാവകാശം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും സിറാജ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 43 മാസമായി കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മദനിയെ അവിടെ നിന്നും മോചിപ്പിക്കണമെന്നതാണ് പിഡിപിയുടെ ആവശ്യം. പിഡിപി അവരുടെ പ്രക്ഷോഭം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുമെന്നും സിറാജ് പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ള പിഡിപി പ്രവര്‍ത്തകര്‍ ആര്യങ്കാവിലും ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ പ്രവര്‍ത്തകര്‍ വാളയാര്‍ ചെക്ക് പോസ്റിലും മനുഷ്യമതിലായി നിന്ന് പിക്കറ്റിംഗ് നടത്തും.












Click it and Unblock the Notifications