യുദ്ധം: ഗള്‍ഫ്-കൊച്ചി കപ്പല്‍ സര്‍വീസ് മുടങ്ങി
കൊച്ചി: അഫ്ഗാനിസ്ഥാനെതിരായ യുഎസ് സഖ്യം നടത്തുന്ന യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ്-കൊച്ചി കപ്പല്‍ സര്‍വീസ് അനിശ്ചിതമായി മുടങ്ങി.
സര്‍വീസ് തുടരുന്നതിന് ഡയറക്ടര്‍ ജനറല്‍ ഷിപ്പിംഗ് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും യുദ്ധം അവസാനിക്കാതെ സര്‍വീസ് നടത്താനാവില്ലെന്ന് റോയല്‍ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയര്‍മാന്‍ ടൈസന്‍ ജെ തച്ചങ്കരി പറഞ്ഞു. റോയല്‍ ഗ്രൂപ്പ് ആണ് ഗള്‍ഫിനും കൊച്ചിക്കുമിടയില്‍ സര്‍വീസ് നടത്തുന്ന ഏക കമ്പനി.
എംവി അല്‍ സലേം താബ കപ്പലിലെ സൗകര്യങ്ങള്‍ അന്തര്‍ദേശീയ ഷിപ്പിംഗ് സംബന്ധിച്ച കരാറിലെ നിബന്ധനകള്‍ക്ക് അനുസരിച്ചുള്ളതല്ലാത്തതുകൊണ്ട് റോയല്‍ ഗ്രൂപ്പിന് സര്‍വീസ് നടത്തുന്നതിനുള്ള അനുമതി ഡയറക്ടര്‍ ജനറല്‍ ഷിപ്പിംഗ് റദ്ദാക്കിയിരുന്നു. ദോഹക്കും കൊച്ചിക്കുമിടയില്‍ നാല് തവണ റോയല്‍ ഗ്രൂപ്പ് സര്‍വീസ് നടത്തിയതിനു ശേഷമാണ് ഡയറക്ടര്‍ ജനറല്‍ ഷിപ്പിംഗ് ഈ തീരുമാനമെടുത്തത്.
സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയെ തുടര്‍ന്ന് റോയല്‍ ഗ്രൂപ്പിന് സര്‍വീസ് നടത്താന്‍ ഡയറക്ടര്‍ ജനറല്‍ ഷിപ്പിംഗ് വീണ്ടും അനുമതി നല്‍കുകയായിരുന്നു. പക്ഷേ അനുമതി ലഭിച്ചിട്ടും അഫ്ഗാനിസ്ഥാനെതിരായ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് സര്‍വീസ് നടത്താനാവുന്നില്ല.
കറാച്ചിക്കും അഫ്ഗാനിസ്ഥാനും സൗദി അറേബ്യക്കുമിടയിലൂടെയാണ് കപ്പല്‍ പോകേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ റൂട്ടിലൂടെ സര്‍വീസ് നടത്തുന്നത് വെല്ലുവിളിയാണെന്ന് തച്ചങ്കരി പറഞ്ഞു.
കപ്പല്‍ കമ്പനികളുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യയിലേക്കും യുഎഇയിലേക്കും മസ്കറ്റിലേക്കും ബഹ്റിനിലേക്കും റോയല്‍ ഗ്രൂപ്പ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നുണ്ട്. എന്നാല്‍ ഇതും യുദ്ധത്തിനു ശേഷമേ സാധ്യമാകൂവെന്ന് തച്ചങ്കരി പറഞ്ഞു
.












Click it and Unblock the Notifications