പ്രതിപക്ഷം ചര്‍ച്ചക്ക് തയ്യാറാവണം: കെ പി സി സി
തിരുവനന്തപുരം: നിയമസഭ തടസ്സപ്പെടുത്തുന്നത് തുടരാതെ പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ചക്ക് തയ്യാറാവണമെന്ന് കെ പി സി സി ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന്റെ കടും പിടുത്തമാണ് കഴിഞ്ഞ അഞ്ചുദിവസമായി നിയമസഭ തടസ്സപ്പെടാന്‍ കാരണം. വാര്‍ത്താ സമ്മേളനത്തില്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷം ഇപ്പോഴത്തെ സമീപനം പുനപരിശോധിക്കേണ്ടതാണ്. അതിക്രമം കാണിക്കുന്ന നിയമസഭാ സാമാജികരെ സസ്പന്റ് ചെയ്യുന്നത് ആദ്യ സംഭവമല്ല.
ഇതിന് മുന്‍പും സാമാജികരെ സസ്പന്റ് ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും പ്രതിപക്ഷം ഇത്തരം കടുത്ത സമീപനം എടുത്തിട്ടില്ല. ഒരു മന്ത്രിയെ കൈയേറ്റം ചെയ്യുന്നതും സെക്രട്ടേറിയേറ്റിലെ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നതും നിസ്സാരമായി കാണാനാവില്ല. പക്ഷേ എം എല്‍ എ മാര്‍ മാപ്പ് പറഞ്ഞാല്‍ സസ്പന്‍ഷന്‍ കാലാവധി കുറയ്കാന്‍ സ്പീക്കര്‍ തയ്യാറായി. എന്നിട്ടും പ്രതിപക്ഷം അതിന് തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്.
ആരോപണങ്ങളെ തുടര്‍ന്ന് ജപ്പാന്‍ കുടിവെള്ള പദ്ധതി നിറുത്തി വയ്കാനുള്ള സര്‍ക്കാരിന്റെ നീക്കം ശരിയല്ലെന്ന് മുരളീധരന്‍ പറഞ്ഞു. 45 ലക്ഷം പേര്‍ക്ക് കുടി വെള്ളം കിട്ടുന്ന പദ്ധതിയാണിത്. ആരോപണത്തെ തുടര്‍ന്ന് പദ്ധതികള്‍ നിറുത്തി വയ്കുകയാണെങ്കില്‍ കേരളത്തില്‍ ഒരു പദ്ധതിയും നടപ്പാക്കാനാവില്ല. അന്വേഷണം പൂര്‍ത്തിയാക്കുന്നതു വരെ പദ്ധതി നിറുത്തിവയ്കാനാണ് ഇപ്പോള്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ആരോപണത്തെ തുടര്‍ന്ന് പദ്ധതി തന്നെ ഉപേക്ഷിക്കുന്നത് ശരിയല്ലെന്നാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും ഉയര്‍ന്ന നിര്‍ദ്ദേശമെന്ന് മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications