വൈദ്യുതി ബോര്‍ഡിന് നഷ്ടം വരുത്തിയില്ല
തിരുവനന്തപുരം: വൈദ്യുതി ബോഡിന് ഇടതുമുന്നണി സര്‍ക്കാര്‍ വന്‍ നഷ്ടം വരുത്തിയതായുള്ള മന്ത്രി കടവൂര്‍ ശിവദാസന്റെ ആരോപണം പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ നിഷേധിച്ചു. വൈദ്യതി ബോഡിന്റെ നഷ്ടത്തില്‍ 4333 കോടി രൂപ എല്‍ ഡി എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയതാണെന്നായിരുന്നു കടവൂരിന്റെ ആരോപണം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോഡിന്റെ ആകെ നഷ്ടം 4386 കോടി രൂപ ആയിരുന്നു. മുന്‍ സര്‍ക്കാര്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാനായി യാതൊന്നും ചെയ്തില്ലെന്നും കടവൂര്‍ ആരോപിച്ചിരുന്നു.
കടവൂരിന്റെ ആരോപണങ്ങള്‍ ദുരുദ്ദേശപരമാണെന്നായിരുന്നു അച്യുതാനന്ദന്‍ ഒക്ടോബര്‍ 24 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. 1991- 96 കാലത്ത് യു ഡി എഫ് അധികാരത്തില്‍ ഇരുന്നപ്പോള്‍ ഉത്പാദിപ്പിച്ച അധിക വൈദ്യുതി വെറും 17 മെഗാവാട്ടായിരുന്നു. എന്നാല്‍ എല്‍ ഡി എഫ് 1996- 2001 കാലത്തില്‍ 1066 മെഗാവാട്ട് വൈദ്യുതി അധികം ഉത്പാദിപ്പിച്ചെന്നും അച്യുതാനന്ദന്‍ പറഞ്ഞു.
വൈദ്യുതി ബോര്‍ഡിന്റെ കട ബാദ്ധ്യത ഈ കാലയളവില്‍ 1839 കോടി രൂപയില്‍ നിന്ന് 4386 കോടി രൂപ ആയെന്ന് പ്രതിപക്ഷനേതാവ് സമ്മതിച്ചു. ഇതേ കാലയളവില്‍ വൈദ്യുതി ബോഡിന്റെ ആസ്തി 5254 കോടി രൂപയായി കൂടിയതും കണക്കിലെടുക്കണം. എന്‍ ടി പി സി യുമായി വൈദ്യുതി വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയത് യുഡിഎഫ് സര്‍ക്കാരാണ്. ഈ സര്‍ക്കാര്‍ അവസാനകാലത്ത് ഒമ്പത് തെര്‍മല്‍ നിലയങ്ങള്‍ തുടങ്ങാന്‍ കരാര്‍ ഉണ്ടാക്കിയിരുന്നു. അത് തുടങ്ങിയിരുന്നെങ്കില്‍ ബോര്‍ഡ് വന്‍ കട ക്കെണിയിലായേനെ- അച്യുതാനന്ദന്‍ പറഞ്ഞു.
മുന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ചെറുകിട വൈദ്യുത പദ്ധതികള്‍ക്ക് പകരം സൈലന്റ് വാലി പദ്ധതി തുടങ്ങാനാണ് ഈ സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നത്-അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications