വിവരങ്ങളറിയാന്‍ കെല്‍ട്രോണ്‍ ബൂത്തുകള്‍
തിരുവനന്തപുരം: ജനങ്ങള്‍ക്കാവശ്യമായ വിവരങ്ങളറിയിക്കാന്‍ കെല്‍ട്രോണ്‍ സര്‍ക്കാര്‍ സഹായത്തോടെ കേരളത്തിലാകെ സൗജന്യബൂത്തുകള്‍ തുറക്കുന്നു. ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഇത്തരത്തിലുള്ള ആദ്യ ബൂത്ത് നവമ്പറില്‍ തിരുവനന്തപുരം ജില്ലയില്‍ തുടങ്ങും. പഞ്ചായത്തുകളുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് ബൂത്തുകള്‍ സ്ഥാപിക്കുക.
സെന്‍സസ്, കൃഷി, സര്‍ക്കാരില്‍ നിന്നുള്ള അറിയിപ്പുകള്‍, പൊതുവിതരണസമ്പ്രദായം, ഇ-മെയില്‍, തൊഴില്‍ വിവരങ്ങള്‍ തുടങ്ങി ജനങ്ങള്‍ക്കാവശ്യമായ വിവരങ്ങളും സഹായങ്ങളും ഈ ബൂത്തുവഴി ലഭിക്കും. ഈ ബൂത്തുകള്‍ ജില്ലാ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിരിക്കും.
കര്‍ഷകര്‍ക്കാവശ്യമായ ഉപദേശങ്ങള്‍ ഈ ബൂത്തുവഴി അറിയാം. വിത്ത് തിരഞ്ഞെടുക്കല്‍, മണ്ണിന്റെ ഫലഭൂയിഷ്ഠത, ഉപയോഗിക്കേണ്ട കീടനാശിനി, രോഗനിര്‍ണ്ണയം തുടങ്ങിയ കാര്യങ്ങളില്‍ വിദഗ്ധ ഉപദേശം കര്‍ഷകര്‍ക്ക് ഈ ബൂത്തുകള്‍ വഴി ലഭ്യമാകുമെന്ന് കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്ടര്‍ അജയകുമാര്‍ പറഞ്ഞു.
റോസ്ഗര്‍ യോജന പദ്ധതിപ്രകാരമുള്ള സാമ്പത്തികസഹായത്തിന് ഈ ബൂത്തുകള്‍ വഴി അപേക്ഷ നല്കാം. സ്വകാര്യകമ്പനികള്‍ കേരളത്തില്‍ സ്ഥാപിച്ച ഒപ്റ്റിക് ഫൈബര്‍ കേബിളില്‍ നിന്നും രണ്ട് എംബി ബാന്‍ഡ് വിഡ്ത്ത് ഈ ബൂത്തിന്റെ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും അജയകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications