വിഎസും പങ്കജാക്ഷനും ഹൈക്കോടതിയില്‍ ഹാജരായി
കൊച്ചി: പ്രകടനം നടത്തുന്നതു സംബന്ധിച്ച ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച കേസില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും ആര്‍എസ്പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ. പങ്കജാക്ഷനും ഒക്ടോബര്‍ 31 ബുധനാഴ്ച ഹൈക്കോടതിയില്‍ ഹാജരായി.
ജസ്റിസുമാരായ പി. കെ. ബാലസുബ്രഹ്മണ്യന്‍, സി. എന്‍. രാമചന്ദ്രന്‍നായര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കോടതിയലക്ഷ്യക്കേസില്‍ ഇരുവര്‍ക്കുമെതിരായ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. കുറ്റപത്രത്തിലെ ആരോപണങ്ങള്‍ ഇരുവരും നിഷേധിച്ചു. തെളിവെടുപ്പിനായി കേസ് ഡിസംബര്‍ മൂന്നിലേക്ക് മാറ്റി.
കോടതിയുടെ നിര്‍ദേശങ്ങള്‍ മനപൂര്‍വം ലംഘിച്ച അച്യുതാന്ദനും പങ്കജാക്ഷനും 1971ലെ കോടതിയലക്ഷ്യകേസിലെ 12-ാം സെക്ഷന്‍ പ്രകാരം കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെടാവുന്ന കുറ്റം ചെയ്തിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കി.
1999 ഫെബ്രുവരി ഒമ്പതിന് അനുവാദം കൂടാതെ തിരുവനന്തപുരത്ത് പ്രകടനം നടത്തിയതിനാണ് അച്യുതാനന്ദനെതിരെ കേസ് ഫയല്‍ ചെയ്തത്. 1999 ഫെബ്രുവരി 12ന് കൊല്ലത്ത് റോഡ് ഗതാഗതം പൂര്‍ണാമായും സ്തംഭിപ്പിച്ച് ആര്‍എസ്പി പ്രകടനം നടത്തിയതിന്റെ പേരിലാണ് പങ്കജാക്ഷനെതിരായ കേസ്.
റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ച് പ്രകടനം നടത്തുന്നത് യാത്രക്കാരുടെ മൗലികാവകാശ നിഷേധത്തിനാണ് വഴിവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഫുള്‍ബെഞ്ച് നേരത്തെ പ്രകടനം നടത്തുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സുപ്രിം കോടതി ഇത് ശരിവെച്ചിരുന്നു.
അഡ്വക്കറ്റ് തരിയന്‍ ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഇരുനേതാക്കള്‍ക്കുമെതിരെ കേസെടുത്തത്.












Click it and Unblock the Notifications