യുഎഇ ഒളിച്ചുകളിക്കുന്നു: സിബിഐ
ദില്ലി: ദാവൂദ് ഇബ്രാഹിം അടക്കമുള്ള ഇന്ത്യയിലെ അധോലോകനായകരുടെ കാര്യത്തില്‍ യുഎഇ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈയിടെ ദാവൂദിന്റെ വലംകൈയായ അബുസലിമിനെ യുഎഇ പൊലീസ് അറസ്റുചെയ്തെന്ന വാര്‍ത്ത കേട്ട് യുഎഇയിലേക്ക് പോയ സിബിഐ ഉദ്യോഗസ്ഥര്‍ വെറുംകൈയോടെ മടങ്ങുകയായിരുന്നു.
ദാവൂദടക്കമുള്ള 12 അധോലോക നായകരുടെ ദുബായിലെ താമസസ്ഥലവും ഫോണ്‍നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സിബിഐ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ ലിസ്റ് യുഎഇ സര്‍ക്കാരിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുഎഇ സര്‍ക്കാരില്‍ നിന്നും അനുകൂലമായ നടപടിയുണ്ടായില്ല- സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അബുസലിമിനെ യുഎഇ സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന വാര്‍ത്തകേട്ട് അബു സലിമിന്റെ പാസ്പോര്‍ട്ടും ചിത്രവും വിരലടയാളവും കുറ്റകൃത്യങ്ങളുടെ പട്ടികയും കുടുംബവിവരങ്ങളും യുഎഇ സര്‍ക്കാരിന് സിബിഐ കൈമാറിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യുഎഇ സര്‍ക്കാര്‍ നിയമം മാറ്റുന്നതായാണ് കാണുന്നതെന്ന് സിബിഐ കുറ്റപ്പെടുത്തി.
നേരത്തെ പല കുറ്റവാളികളെയും യുഎഇ സര്‍ക്കാര്‍ ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. 1984ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയ സംഭവത്തിലെ എട്ടു റാഞ്ചികളെയും ഹര്‍ഷദ് മേത്ത കേസില്‍ നിരഞ്ജന്‍ ഷാ എന്ന കുറ്റവാളിയെയും വളരെയെളുപ്പം യുഎഇ സര്‍ക്കാര്‍ കൈമാറിയിരുന്നു. പക്ഷെ ദാവൂദിന്റെയും മറ്റും കാര്യം വരുമ്പോള്‍ യുഎഇ സര്‍ക്കാര്‍ മനപൂര്‍വം ഒളിച്ചുകളിക്കുന്നതായും സിബിഐ കുറ്റപ്പെടുത്തി.












Click it and Unblock the Notifications