വിന്‍ഡോസ് മലയാളം പതിപ്പ് ഇറക്കണം
ബാംഗ്ലൂര്‍: വിന്‍ഡോസ് എക്സ്പിയുടെ മലയാളം പതിപ്പ് ഇറക്കണമെന്ന് മൈക്രോസോഫ്റ്റ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണെന്ന് വിവരസാങ്കേതിക വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബാംഗ്ലൂരില്‍ നടക്കുന്ന ഐടി-ടെലികോം പ്രദര്‍ശനമായ ഐ ടി ഡോട്ട് കോമിനോടനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയാനിരുന്നു അദ്ദേഹം.
ഇതിന് അനുകൂലമായ പ്രതികരണമാണ് മൈക്രോസോഫ്റ്റ് അധികൃതരില്‍ നിന്ന് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
ഐടി ഡോട്ട് കോമില്‍ പങ്കെടുക്കാനെത്തിയ കുഞ്ഞാലിക്കുട്ടിയും കേരള വിവരസാങ്കേതിക വിദ്യാവകുപ്പ് ഉദ്യോഗസ്ഥരും വിവിധ ഐടി കമ്പനികളുമായി ചര്‍ച്ച നടത്തി. കേരളത്തിലേക്ക് ഈ കമ്പനികളെ ക്ഷണിക്കുകയായിരുന്നു പ്രധാനമായും ഇവരുടെ ലക്ഷ്യം . ഇന്‍ഫോസിസ്, മൈക്രോസോഫ്റ്റ് , ഐബിഎം തുടങ്ങി പല വന്‍ കമ്പനികളും കേരളത്തിലേക്ക് വരാന്‍ താത്പര്യം കാണിച്ചിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൂടുതല്‍ വിവരസാങ്കേതിക വിദ്യാ കമ്പനികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വിവരസാങ്കേതികവിദ്യാ നയം അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. നൂതനമായ പല നിര്‍ദേശങ്ങളും ഈ ഐടിനയത്തില്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്കുകയെന്നത് അതിലെ ഒരു പ്രധാനനിര്‍ദേശമായിരിക്കുമെന്ന് വിവരസാങ്കേതികവിദ്യാ സെക്രട്ടറി അരുണാ സുന്ദരരാജ് പറഞ്ഞു.
തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലെ സൗകര്യങ്ങള്‍ ഇരട്ടിയായി വികസിപ്പിക്കുകയാണ്. ഇപ്പോള്‍ 55 കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ടെക്നോപാര്‍ക്കില്‍ പുതിയതായി 55 ഓളം കമ്പനികള്‍ക്കുകൂടി സ്ഥലം ലഭിക്കും. ഇതിനൊപ്പം കൊച്ചിയില്‍ മറ്റൊരു ടെക്നോപാര്‍ക്ക് കൂടി തുടങ്ങുന്നുണ്ട്. സ്വകാര്യ പങ്കാളിത്തത്തോടെ ആയിരിക്കും ഇത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും കൊച്ചി നഗരത്തിനുമിടയിലായി ഒരു സാങ്കേതിക വിദ്യാ ഇടനാഴി (ടെക്നോ കോറിഡോര്‍) വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇലക്ട്രോണിക് ഭരണം ( ഇ- ഗവര്‍ണന്‍സ്) സാദ്ധ്യമാക്കാനായി സര്‍ക്കാര്‍ പരിശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി കേരള സെക്രട്ടേറിയേറ്റും ജില്ലാകേന്ദ്രങ്ങളും യോജിപ്പിക്കുന്ന കംപ്യൂട്ടര്‍ ശ്രൃംഖല വൈകാതെ നിലവില്‍ വരും. ഭൂമി സംബന്ധമായ എല്ലാ രേഖകളും വൈകാതെ ഇന്റര്‍നെറ്റുവഴി ലഭ്യമാവും. ആദ്യ പടിയായി തിരുവനന്തപുരം ജില്ലയിലാണ് ഇത് നടപ്പാക്കുന്നത്.
ഇന്ത്യയില്‍ അതിവേഗ ഇന്റര്‍നെറ്റ് സംവിധാനമുള്ള രണ്ടു നഗരങ്ങളില്‍ ഒന്നാണ് കൊച്ചി. മുംബൈയാണ് മറ്റൊന്ന്. വിദേശ രാജ്യങ്ങളുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്ന രണ്ട് സമുദ്ര കേബിള്‍ ശ്രൃംഖലകള്‍ കൊച്ചിയില്‍ എത്തുന്നുണ്ട്. ഇതുകൊണ്ട് തന്നെ കേരളം എന്തുകൊണ്ടും വിവരസാങ്കേതിക വിദ്യാ കമ്പനികള്‍ക്ക് പറ്റിയ സ്ഥലമാണെന്ന് കൊച്ചി വിഎസ്എന്‍എല്‍ ഡയറക്ടര്‍ എ.എസ്. മേനോന്‍ പറഞ്ഞു.
കേരളത്തിലെ തൊഴില്‍ രംഗം തികച്ചും സമാധാനപരമാണെന്നും ദിര്‍ഘകാല തൊഴില്‍ കരാറുള്ള ഒരുകമ്പനിക്കും ഒരു പ്രശ്നവും ഇല്ലെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications