അത്തയെ കുറിച്ച് എഫ്ബിഐ അന്വേഷിക്കുന്നു
വാഷിംഗ്ടണ്‍: അമേരിക്കയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വിമാനറാഞ്ചികളിലൊരാളായ മുഹമ്മദ് അത്ത സപ്തംബര്‍ 11ന് മുമ്പ് പാകിസ്ഥാന് സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഒരു അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇത് സംബന്ധിച്ച് അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍ (എഫ്ബിഐ) അന്വേഷണം ആരംഭിച്ചു.
കറാച്ചിയിലെ ഒരു ടെലഫോണ്‍ ബൂത്തില്‍ നിന്ന് മുഹമ്മദ് അത്തയെ ആരോ മൂന്ന് തവണ ടെലഫോണ്‍ ചെയ്തിരുന്നതായി എഫ്ബിഐ കണ്ടെത്തിയിട്ടുണ്ട്. അത്തയെ വിളിച്ചത് ആരാണെന്നതിനെ കുറിച്ച് എഫ്ബിഐ അന്വേഷിച്ചുവരികയാണ്.
കശ്മീര്‍ തീവ്രവാദിയായ അഹ്മദ് ഒമര്‍ സയിദ് ഷെയ്ക്ക് ആണ് അത്തയുമായി ടെലഫോണില്‍ ബന്ധപ്പെട്ടതെന്നാണ് ഇന്ത്യയിലെ രഹസ്യാന്വേഷണ വിദഗ്ധര്‍ സംശയിക്കുന്നത്.
സപ്തംബര്‍ 11ലെ ആക്രമണത്തിന് കുറച്ചു ദിവസം മുമ്പ് അത്തയും കൂട്ടാളികളും പാകിസ്ഥാന് സന്ദര്‍ശിച്ചിരുന്നുവെന്നും അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നുമാണ് എഫ്ബിഐ കരുതുന്നത്. അതിര്‍ത്തിയില്‍ വെച്ച് അത്ത ഒസാമ ബിന്‍ ലാദനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടാവാമെന്നും എഫ്ബിഐ സംശയിക്കുന്നു.