രാജീവിനെ കൊല്ലാന്‍ ശ്രമിച്ച രോഹണ വാര്‍ത്തകളില്‍
കൊളംബോ: ഒരിക്കല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട രോഹണ ഡിസില്‍വ വീണ്ടും മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുന്നു. തിരഞ്ഞെടുപ്പില്‍ ചന്ദ്രിക കുമാരതുംഗയെ പിന്തുണയ്ക്കുമെന്ന രോഹണഡിസില്‍വയുടെ പ്രഖ്യാപനമാണ് ഇത്തവണ തമിഴ്പത്രങ്ങള്‍ക്ക് ചൂടുള്ള വാര്‍ത്തയായിരിക്കുന്നത്.
എപ്പോഴും വാര്‍ത്ത സൃഷ്ടിക്കുന്നത് രോഹണയ്ക്ക് ഒരു ഹരമാണ്. 1987 ജൂലായ് 30 ന് ശ്രീലങ്കയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുകയായിരുന്ന രാജീവ് ഗാന്ധിയെ തോക്കിന്റെ പാത്തികൊണ്ട് തലയ്ക്കടിച്ച് കൊല്ലാനായിരുന്നു രോഹണ ഡിസില്‍വയുടെ ശ്രമം. പക്ഷെ രാജീവ്ഗാന്ധി രക്ഷപ്പെട്ടു. അന്ന് നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്നു രോഹണ. തുടര്‍ന്ന് ആറ് വര്‍ഷം രോഹണ ഡിസില്‍വ ജയില്‍ ശിക്ഷയനുഭവിച്ചു.
1989ല്‍ രണസിംഗെ പ്രേമദാസ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ രോഹണയ്ക്ക് പരോള്‍ അനുവദിച്ചു. പിന്നീട് ഒരു ഗായകനായി പേരെടുക്കാനായിരുന്നു രോഹണയുടെ ശ്രമം. പത്രങ്ങള്‍ പ്രസിദ്ധീകരിച്ച, രാജീവ് ഗാന്ധിയെ വധിക്കാന്‍ ശ്രമിക്കുന്ന തന്റെ ചിത്രം തന്റെ പുതിയ ഗായകപരിവേഷത്തിന് മാറ്റുകൂട്ടാന്‍ അദ്ദേഹം ഉപയോഗിച്ചു. അദ്ദേഹത്തിന്റെ സംഗീതകാസറ്റിന്റെ കവര്‍ ചിത്രം പോലും രാജീവ് ഗാന്ധിയെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ആ ചിത്രമായിരുന്നു.
പക്ഷെ സംഗീതം അദ്ദേഹത്തെ കാര്യമായി തുണച്ചില്ല. പിന്നീട് രാഷ്ട്രീയത്തില്‍ പയറ്റാനായിരുന്നു രോഹണയുടെ ശ്രമം. പക്ഷെ കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തോറ്റുപോയി. ഇത്തവണയെങ്കിലും പാര്‍ലമെന്റ് അംഗമാകണമെന്ന വാശിയിലാണ് രോഹണ.
അതുവരെ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ സിഹള ഉറുമ പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന രോഹണ പെട്ടെന്നാണ് കൂറുമാറിയത്. പിന്നീട് അധികം വൈകാതെ ചന്ദ്രികയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. തമിഴ് തീവ്രവാദികളെ പിന്തുണയ്ക്കുന്ന യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയെ (യുഎന്‍പി) അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.












Click it and Unblock the Notifications