വാജ്പേയി റഷ്യയിലേക്ക് തിരിച്ചു
ദില്ലി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി എ. ബി. വാജ്പേയി നവംബര്‍ നാല് ഞായറാഴ്ച ഉന്നതലസംഘത്തോടൊപ്പം പുറപ്പെട്ടു. സപ്തംബര്‍11ന് അമേരിക്കയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷം ആദ്യമായാണ് വാജ്പേയി വിദേശ സന്ദര്‍ശനം നടത്തുന്നത്.
യുഎസ്, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് വാജ്പേയി സന്ദര്‍ശിക്കുന്നത്. വിദേശകാര്യമന്ത്രി ജസ്വന്ത്സിംഗ്, വിദേശകാര്യ സെക്രട്ടറി ചോകില അയ്യര്‍ എന്നിവരും വാജ്പേയിയോടൊപ്പമുള്ള ഉന്നതതലസംഘത്തിലുണ്ട്.
ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശം കശ്മീരിലെ തീവ്രവാദിപ്രവര്‍ത്തനത്തിലെ പാക്കിസ്ഥാന്റെ പങ്ക് മൂന്ന് രാജ്യങ്ങളെയും ബോധ്യപ്പെടുത്താന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുക എന്ന ലക്ഷ്യമാണ് സന്ദര്‍ശനത്തിന് പിന്നിലുള്ളതെന്ന് വാജ്പേയി പറഞ്ഞു.
ആദ്യം റഷ്യ സന്ദര്‍ശിക്കുന്ന വാജ്പേയി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിനോടൊത്ത് അന്തര്‍ദേശീയ തീവ്രവാദത്തെ കുറിച്ചുള്ള മോസ്കോ പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമാവും.
വാഷിംഗ്ടണില്‍ വെച്ച് യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷുമായി വാജ്പേയി കൂടിക്കാഴ്ച നടത്തും. നവംബര്‍ 10ന് യുഎന്‍ ജനറല്‍ അസംബ്ലിയെ വാജ്പേയി അഭിസംബോധന ചെയ്യും.
ബ്രിട്ടനില്‍ ഒരു ദിവസത്തെ സന്ദര്‍ശനമാണ് വാജ്പേയി നടത്തുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ജോര്‍ജ് ബുഷുമായും ഹോം സെക്രട്ടറി ഡേവിഡ് ബ്ലങ്കറ്റുമായും വാജ്പേയി കൂടിക്കാഴ്ച നടത്തും.


Click it and Unblock the Notifications