കശ്മീരിലെ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു: ഒസാമ
കാബൂള്‍: ജമ്മു കശ്മീരിലെ മുസ്ലിങ്ങള്‍ വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെടുകയാണെന്ന് സൗദി തീവ്രവാദി ഒസാമ ബിന്‍ ലാദന്‍. അല്‍-ജസീറ ടിവി ചാനല്‍ നവംബര്‍ മൂന്ന് ശനിയാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ഇന്ത്യാ സര്‍ക്കാരിനെതിരെ പരോക്ഷമായ വിമര്‍ശനം ഒസാമ ഉയര്‍ത്തിയത്.
കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി കശ്മീരിലെ മുസ്ലിങ്ങള്‍ നിരന്തര പീഡനത്തിന് വിധേയമാവുന്നു. അവര്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നു. മുസ്ലിങ്ങളുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടാവുന്നു. ഇതിനൊന്നുമെതിരെ വിമര്‍ശനമുയര്‍ത്താന്‍ യുഎന്‍ തയ്യാറാവുന്നില്ല.
കുറ്റം ചെയ്യുന്നതിനുള്ള ഒരു ഉപകരണമായാണ് യുഎന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഒസാമ ആരോപിച്ചു. മുസ്ലിങ്ങള്‍ കഷ്ടത അനുഭവിക്കുന്നത് യുഎന്നിന്റെ മുസ്ലിം വിരുദ്ധ നിലപാടുകള്‍ മൂലമാണ്. യുഎന്നിലൂടെ മുസ്ലിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് പറയുന്നവര്‍ വഞ്ചകരാണ്. യുഎന്‍ കാരണമാണ് മുസ്ലിങ്ങള്‍ പല പ്രശ്നങ്ങളും നേരിടുന്നത്.
1947ലെ പാലസ്തീന്‍ വിഭജന പ്രമേയം പാസാക്കി, അറബ് രാജ്യം ജൂതന്മാര്‍ക്ക് കൈമാറിയത് യുഎന്‍ അല്ലേ? മുസ്ലിങ്ങള്‍ എല്ലാ ദിവസവും നിരന്തരപീഡനത്തിന് വിധേയമാവുന്നു. അതിനെതിരെ വിരലുയര്‍ത്താന്‍ പോലും യുഎന്‍ തയ്യാറല്ല.
യാതൊരു തെളിവുമില്ലാതെയാണ് അഫ്ഗാന്‍ ജനതയ്ക്കെതിരായ പ്രമേയം യുഎന്‍ പാസാക്കിയത്. അറബികള്‍ക്ക് പലസ്തീന്‍ കിട്ടുന്നതുവരെ സുരക്ഷിതത്വത്തോടെ ജീവിക്കാമെന്ന് അമേരിക്കക്കാര്‍ കരുതേണ്ടതില്ലെന്ന് ഒസാമ പറഞ്ഞു.












Click it and Unblock the Notifications