വാജ്പേയിയുടെ വിരുന്ന് വിവാദമാകുന്നു
ന്യൂയോര്‍ക്ക്: യുഎസ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി വാജ്പേയിക്ക് ന്യൂയോര്‍ക്കില്‍ വിരുന്ന് ഒരുക്കുന്നതിന് ചില വിദേശ ഇന്ത്യാക്കാരുടെ സംഘടനകളെ ഏല്പിച്ചതിനെതിരെ വിമര്‍ശനമുയര്‍ന്നു.
ബിജെപിയുമായി സഹകരിക്കുന്ന ചില സംഘടനകളെ വിരുന്നൊരുക്കുന്നതില്‍ ഏല്പിച്ചതിനെതിരെ മറ്റ് വിദേശ ഇന്ത്യാക്കാരുടെ സംഘടനകളാണ് മുന്നോട്ടുവന്നിരിക്കുന്നത്. എല്ലാ മതനേതാക്കളെയും വിരുന്ന് സല്‍ക്കാര വേളയില്‍ ക്ഷണിക്കാത്തതിനെതിരെയും വിമര്‍ശനമുയര്‍ന്നു.
വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയാണോ ബിജെപിയുടെ പ്രധാനമന്ത്രിയാണോ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സുരിന്ദര്‍ സിംഗ് മല്‍ഹോത്ര ചോദിച്ചു. കോണ്‍സുലേറ്റ് തന്നെ വിരുന്ന് സല്‍ക്കാരം നടത്താതെ അത് ചില സംഘടനകളെ അനുവദിച്ചത് ശരിയല്ലെന്നും മല്‍ഹോത്ര പറഞ്ഞു.
എന്നാല്‍ ചില സംഘടനകള്‍ വിരുന്ന് നടത്തുന്നതില്‍ തെറ്റായൊന്നുമില്ലെന്നാണ് കോണ്‍സുലേറ്റ് പറയുന്നത്. വാജ്പേയി വാഷിംഗ്ടണാണ് ആദ്യം സന്ദര്‍ശിക്കുന്നത്. അവിടെ എംബസിയാണ് സ്വീകരണമൊരുക്കുന്നത്. ന്യൂയോര്‍ക്കിലാണ് വാജ്പേയി ആദ്യം വരുന്നതെങ്കില്‍ എംബസിയും കോണ്‍സുലേറ്റും സ്വീകരണമൊരുക്കുമായിരുന്നു.












Click it and Unblock the Notifications