കൊയിലാണ്ടി സംഭവം: മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
കോഴിക്കോട്: കൊയിലാണ്ടിയിലെ റവന്യൂ ജില്ലാ കലോത്സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തെ കുറിച്ച് മുഖ്യമന്ത്രി എ. കെ. ആന്റണി കോഴിക്കോട് ജില്ലാ കളക്ടര്‍ ബിശ്വനാഥ് സിഹ്നയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
സംഭവത്തെ കുറിച്ച് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയും സി. മമ്മൂട്ടി എംഎല്‍എയും മുഖ്യമന്ത്രിയെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
നവംബര്‍ നാല് തിങ്കളാഴ്ച രാത്രിയാണ് റവന്യു ജില്ലാ കലോത്സവത്തോടനുബന്ധിച്ച് അനിഷ്ടസംഭവങ്ങളുണ്ടായത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മത്സരങ്ങള്‍ തുടരുന്നത് തടഞ്ഞത് ലാത്തിച്ചാര്‍ജില്‍ കലാശിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് എല്‍ഡിഎഫും യുഡിഎഫും ചൊവാഴ്ച കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.
അതേ സമയം കലോത്സവം വീണ്ടും നടത്തുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. കോഴിക്കോട് നടക്കുന്ന സംസ്ഥാന യുവജനോത്സവത്തിന് മുമ്പ് കൊയിലാണ്ടിയില്‍ വെച്ചുതന്നെ റവന്യു ജില്ലാ കലോത്സവം നടത്തണമെന്നും ഇല്ലെങ്കില്‍ സംസ്ഥാന യുവജനോത്സവം നടത്താന്‍ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് അധ്യാപക സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും.












Click it and Unblock the Notifications