തവളക്കണ്ണനും ചെങ്കഴമയും തിരിച്ചുവരുന്നു
പാലക്കാട്: നെല്‍പ്പാടങ്ങളില്‍ നിന്നും അപ്രത്യക്ഷമായ നാടന്‍ നെല്‍വിത്തുകള്‍ പുതിയ രൂപത്തില്‍ - മടങ്ങിവരുന്നു. നൂറുമേനി വിളവു തരുന്ന വിധത്തില്‍ പഴയ നാടന്‍ വിത്തുകളായ പാലക്കാടന്‍ തവളക്കണ്ണനെയും ചെങ്കഴമയെയും ഗവേഷണത്തിലൂടെ പരിഷ്കരിച്ചെടുത്തിരിക്കുകയാണ്.
ഗവേഷകനായ ഡോ.പി. ചന്ദ്രശേഖരനാണ് ഇതിനു പിന്നില്‍. മൂന്നു പുതിയ വിത്തുകളാണ് ഇദ്ദേഹം വികസിപ്പിച്ചെടുത്തത്. പാലക്കാടന്‍ തവളക്കണ്ണന്‍, ചെങ്കഴമ എന്നിവയെ ഫിലിപ്പൈന്‍സ് വിത്തുകളായ ഐ.ആര്‍. 36, കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആതിര എന്നീ വിത്തുകളുമായി ചേര്‍ത്താണ് അദ്ദേഹം പുതിയ സങ്കരയിനം വിത്തുകള്‍ ഉല്പാദിപ്പിച്ചത്.
തന്റെ ഇനീഷ്യലും പേരിന്റെ ആദ്യ അക്ഷരവും ചേര്‍ത്ത് പി. സി 1, പി.സി. 2, പി.സി. 3 എന്നിങ്ങനെയാണ് പുതിയ വിത്തുകള്‍ക്ക് പേരിട്ടിരിക്കുന്നത്. പുതിയ വിത്തുകള്‍ ഒരു ഹെക്ടറില്‍ നിന്ന് പത്ത് ടണ്‍ വരെ വിളവ് നല്കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
കര്‍ഷോത്തമ പുരസ്കാരം നേടിയ പൊല്‍പ്പുള്ളി ചമ്പ്രോട്കളം വാസുദേവന്റെ കൃഷിയിടത്തില്‍ ഇതിനകം വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞ ഈ വിത്തുകള്‍ അധികം വൈകാതെ കര്‍ഷകര്‍ക്ക് വാങ്ങാന്‍ കഴിയും. ഇതോടെ ഇപ്പോള്‍ കേരളത്തിലെ പാടങ്ങള്‍ കയ്യടക്കിയിരിക്കുന്ന ചൈനീസ് വിത്തുകളെ പുറന്തള്ളാന്‍ കഴിയുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
പുതിയ സങ്കരയിനം വിത്തുകളുടെ ചെടികള്‍ക്ക് 100 മുതല്‍ 130 സെന്റിമീറ്റര്‍ നീളവും ഒരു കതിരില്‍ 400 ധാന്യങ്ങളും ഉണ്ടാകും. ബ്രിട്ടനിലെ വെല്‍ഷ് പ്ലാന്റ് ബ്രീഡിങ്ങ് സ്റേഷനില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. ചന്ദ്രശേഖരന്‍ കോയമ്പത്തൂര്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് 1985ലാണ് ഡീനായി വിരമിച്ചത്.
പുതുശേരി പണ്ടാരത്തില്‍ തറവാട്ടിലെ അംഗമാണ് ഡോ. ചന്ദ്രശേഖരന്‍. അന്ന് തറവാട്ടിലെ പത്തായങ്ങള്‍ നിറച്ചിരുന്ന തവളക്കണ്ണനും ചെങ്കഴമയും ചിറ്റേനിയും നാടുനീങ്ങിയതു കണ്ട വേദനയില്‍ നിന്നാണ് ചന്ദ്രശേഖരന്റെ ഗവേഷണം തുടങ്ങിയത്.
നാടന്‍ കര്‍ഷകര്‍ ഉയരം കൂടിയ നാടന്‍ വിത്തുകള്‍ ഉപേക്ഷിച്ച് ഉയരം കുറഞ്ഞ ചീനാഇനം നെല്‍ച്ചെടികള്‍ ഉപയോഗിച്ചത് കൃഷി ലാഭകരമാക്കാനാണ്. കാരണം 182 സെന്റിമീറ്റര്‍ വരെ ഉയരമുള്ള നാടന്‍ ഇനങ്ങള്‍ ഹെക്ടറില്‍ 2.5 ടണ്‍ മാത്രം വിളവുനല്കിയപ്പോള്‍ വെറും 100 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ചീനാഇനങ്ങള്‍ ഹെക്ടറിന് 10.5 ടണ്‍ വിളവാണ് നല്കിയത്. താന്‍ വികസിപ്പിച്ചെടുത്ത പുതിയ സങ്കരയിനം വിത്തുകള്‍ കൂടുതല്‍ വിളവു നല്കുമ്പോള്‍ തന്നെ നാടന്‍ രുചി നിലനിര്‍ത്താമെന്ന മേന്മകൂടിയുണ്ടെന്ന് ചന്ദ്രശേഖരന്‍ അവകാശപ്പെടുന്നു.












Click it and Unblock the Notifications