Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകവ്യാപാരചര്‍ച്ച : ഇന്ത്യയ്ക്ക് വഴങ്ങേണ്ടിവരും

ദില്ലി: ലോകവ്യാപാരസംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇന്ത്യയ്ക്ക് വഴങ്ങിക്കൊടുക്കേണ്ടി വരുമെന്ന് വിദഗ്ധാഭിപ്രായം. നവമ്പര്‍ ഒമ്പത് വെള്ളിയാഴ്ച ദോഹയില്‍ 142 അംഗരാഷ്ട്രങ്ങളിലെ മന്ത്രിമാര്‍ പങ്കെടുക്കുന്ന ലോകവ്യാപാരചര്‍ച്ചകള്‍ തുടങ്ങാനിരിക്കുകയാണ്.

ഉറുഗ്വേയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ദോഹയില്‍ അടുത്തഘട്ടം ചര്‍ച്ചകള്‍ നടക്കുന്നത്. മത്സരം, നിക്ഷേപം, പരിസ്ഥിതി എന്നീ വ്യാപാര ബാഹ്യ വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍. ഇതിന്റെ മറവില്‍ പിന്‍വാതിലിലൂടെ ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് പലരീതികളില്‍ വിലക്കുകള്‍ കൊണ്ടുവരാനാണ് വികസിത രാഷ്ട്രങ്ങളുടെ ദുരുദ്ദേശ്യമെന്ന് കരുതുന്നു.

എന്നാല്‍ ഉറുഗ്വേയില്‍ നടന്ന ചര്‍ച്ചകളില്‍ വികസിതരാഷ്ട്രങ്ങള്‍ പാലിക്കേണ്ട വാഗ്ദാനങ്ങള്‍ പലതും ലംഘിച്ചിരിക്കുകയാണെന്ന് ഇന്ത്യയ്ക്ക് പരാതിയുണ്ട്.

ഉറുഗ്വേയില്‍ നടന്ന ചര്‍ച്ചകളുടെ ദോഷ ഫലങ്ങള്‍ ഇന്ത്യ അനുഭവിച്ചുവരികയാണ്. അതില്‍ പ്രധാനം ഇന്ത്യയിലെ കാര്‍ഷികമേഖലയുടെ തകര്‍ച്ചയാണ്. ഇനി ദോഹാ സമ്മേളനം കൂടി തീരുമ്പോള്‍ ഇന്ത്യയിലെ ഉല്പന്നങ്ങള്‍ കൂടുതല്‍ മത്സരങ്ങളെ നേരിടേണ്ടിവരുമോ എന്ന് ഇന്ത്യ ഭയപ്പെടുന്നു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി, ഗ്രാമീണമേഖലയിലെ സാമ്പത്തിക ഘടന, ചെറുകിട വ്യവസായങ്ങള്‍ എന്നിവ കൂടുതല്‍ ഭീഷണി നേരിടേണ്ടി വരുമെന്നും ഇന്ത്യ ഭയപ്പെടുന്നു. ഇതിനെല്ലാം പുറമെ ലോകവ്യാപാരചര്‍ച്ചകള്‍ കൂടുതല്‍ തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്നും ഇന്ത്യ കരുതുന്നു.

ഇന്ത്യയില്‍ തൊഴിലാളി യൂണിയനുകളും കര്‍ഷകലോബിയും ഇടതുപക്ഷ പാര്‍ട്ടികളും ദോഹയിലെ ലോകവ്യാപാര ച്ചര്‍ച്ചകളെ ശക്തമായി എതിര്‍ക്കുകയാണ്. ഇതിനെതിരായ ശക്തമായ പ്രകടനങ്ങള്‍ ഇന്ത്യയിലാകെ നടക്കുന്നു.

പക്ഷെ പ്രശ്നം ഇന്ത്യയുടെ ദൗര്‍ബല്യമാണ്. ഇന്ത്യ മാത്രമാണ് ദോഹയിലെ ലോകവ്യാപാരചര്‍ച്ചകളെ ശക്തിയുക്തം എതിര്‍ക്കുന്നത്. ഇന്ത്യയൊഴികെ മറ്റ് കിഴക്കനേഷ്യന്‍ രാജ്യങ്ങളെല്ലാം പുതിയ ഒരു റൗണ്ട് ചര്‍ച്ച തുടങ്ങുന്നതിനെ തുടക്കം മുതലേ അനുകൂലിക്കുകയാണ്. പാകിസ്ഥാന് ഇക്കാര്യത്തില്‍ ആദ്യമൊക്കെ ഇന്ത്യയുടെ അഭിപ്രായമായിരുന്നെങ്കിലും അമേരിക്കയും മറ്റും വലിയ സാമ്പത്തികസഹായം വച്ചുനീട്ടിയതോടെ പാകിസ്ഥാനും നിശ്ശബ്ദമായി. ഇന്ത്യയ്ക്ക് പിന്നില്‍ അണിനിരക്കാന്‍ മറ്റു അംഗരാഷ്ട്രങ്ങളാരുമില്ല. ഫലത്തില്‍ ഇന്ത്യ ഒരു ഒറ്റപ്പെടലിന്റെ വക്കിലാണെന്നര്‍ത്ഥം.

ദോഹയില്‍ നടത്തേണ്ട പ്രഖ്യാപനത്തിന്റെ കരടുരേഖ തയ്യാറാക്കുകയാണെന്ന് ലോകവ്യാപരസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ മൈക്ക് മൂര്‍ പറയുന്നു. ഈ ചര്‍ച്ചകള്‍ വികസ്വര രാഷ്ട്രങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണെന്നും അദ്ദേഹം പറയുന്നു. എന്തായാലും കേന്ദ്രവാണിജ്യമന്ത്രി മുരശൊലി മാരന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ലോകവ്യാപാരസംഘടനയുടെ നിര്‍ദേശങ്ങളോട് സഹകരിക്കാനേ തല്ക്കാലം കഴിയൂ. വികസിത രാജ്യങ്ങളില്‍ നിന്നുള്ള പണമൊഴുക്കിനെ ആശ്രയിച്ചാണ് ഇന്ത്യയുടെ നിലനില്പ്. അവരുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുക എളുപ്പമല്ല - ദില്ലിയിലെ ഇക്കണോമിക് ഗ്രോത്ത് ഇന്‍സ്റിട്യൂട്ടിലെ ബി. ബി. ഭട്ടാചാര്യ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+