മുരളീധരന്‍ യുദ്ധത്തിനൊരുങ്ങുന്നു
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ ഗ്രൂപ്പിനതീതനെന്ന പ്രതിച്ഛായ മാറ്റിവെച്ച് പോരിനിറങ്ങിയേക്കുമെന്ന് സൂചന. കെപിസിസി പ്രസിഡന്റിനെതിരെ കഴിഞ്ഞ ദിവസം എ ഗ്രൂപ്പ് നേതാവ് എം.ഐ. ഷാനവാസ് കൂടി വിമര്‍ശനമുന്നയിച്ചതോടെയാണിത്.
തനിക്കെതിരെ എ ഗ്രൂപ്പില്‍ നിന്ന് ആസൂത്രിതമായ നീക്കമുണ്ടോ എന്നും മുരളീധരന്‍ സംശയിക്കുന്നുണ്ട് . ശക്തമായി എ ഗ്രൂപ്പിനെതിരെ പടനയിക്കാനാണ് മുരളീധരന്റെ നീക്കമെന്നറിയുന്നു.
നവംബര്‍ ഒമ്പത് വെള്ളിയാഴ്ച ഒരു സ്വകാര്യ ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ മുരളീധരന്‍ തന്റെ രോഷം മുഴുവന്‍ പ്രകടമാക്കി. താന്‍ ആരെയും പേടിച്ചല്ല മിണ്ടാതിരിക്കുന്നതെന്നും തന്റെ നിഷ്പക്ഷത കഴിവില്ലായ്മയായി ആരും കരുതരുതെന്നും മുരളീ അഭിമുഖത്തില്‍ പറഞ്ഞു. നിയന്ത്രണമില്ലാതെ കെപിസിസി പ്രസിഡന്റിനെതിരെ വിമര്‍ശനമുന്നയിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ അതൊരു കീഴ്വഴക്കമാകും. ഭാവിയിലും കെപിസിസി പ്രസിഡന്റുമാരായിരിക്കുന്നവര്‍ക്ക് അത് ഒരു ഭീഷണിയായിരിക്കുമെന്നും മുരളീധരന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
പക്ഷെ മുരളീധരന്‍ ഷാനവാസിനെതിരെ നടപടിക്ക് നീങ്ങുമോ എന്നറിയില്ല. മുരളീധരനെയും കരുണാകരനെയും വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് നേതാവ് രാമചന്ദ്രന്‍മാസ്റര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുരളീധരന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. എന്തായാലും രാമചന്ദ്രന്‍മാസ്റര്‍ക്കും ഷാനവാസിനും എതിരെ നടപടിയെടുത്താല്‍ എ ഗ്രൂപ്പ് ശക്തമായി തിരിച്ചടിക്കുമെന്ന് ഉറപ്പാണ്. അവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുത്തില്ലെങ്കില്‍ കെപിസിസി പ്രസിഡന്റ് എന്ന തന്റെ സ്ഥാനത്തിന്റെ വില കെടുമെന്നും മുരളീധരന്‍ കരുതുന്നു.












Click it and Unblock the Notifications