ചര്‍ച്ചയ്ക്ക് താല്പര്യമെടുക്കാത്തത് ഇന്ത്യ
ന്യൂയോര്‍ക്ക്: കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ പാകിസ്ഥാന്‍ തയ്യാറാണെന്നും എന്നാല്‍ ഇന്ത്യ അതിന് താത്പര്യമെടുക്കുന്നില്ലെന്നും പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. നവംബര്‍ 10 ശനിയാഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യവെയാണ് മുഷാറഫ് ഇങ്ങനെ പറഞ്ഞത്.
യുഎന്‍ പ്രമേയങ്ങളനുസരിച്ച് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി പോരാടുന്നവരെയാണോ തീവ്രവാദികള്‍ എന്നു വിളിക്കേണ്ടത് എന്നതാണ് ചോദ്യം. അതോ യുഎന്‍ പ്രമേയങ്ങള്‍ നടപ്പിലാക്കാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങളെ ഭരണകൂടഭീകരതയുടെ വക്താക്കളെന്ന് വിളിക്കുകയാണോ വേണ്ടത്.-- മുഷാറഫ് ചോദിച്ചു.
ആഗ്ര ഉച്ചകോടി പരാജയപ്പെടാന്‍ കാരണം ഇന്ത്യയുടെ നിലപാടായിരുന്നുവെന്ന് പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഷാറഫ് പറഞ്ഞു. ഒരു കൈ കൊണ്ട് കൈ കൊട്ടാനാവില്ല. പാകിസ്ഥാന്‍ ഇപ്പോഴും ചര്‍ച്ച തുടരാന്‍ തയ്യാറാണ്.- അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് ഇരുരാജ്യങ്ങളും ചര്‍ച്ച തുടരാത്തത് എന്ന ഒരു വാര്‍ത്താലേഖകന്റെ ചോദ്യത്തിന് മറുപടിയായി ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയിയോട് ഇതേ ചോദ്യം ചോദിക്കാന്‍ മുഷാറഫ് ആവശ്യപ്പെട്ടു. വാജ്പേയിയെയും വിദേശകാര്യമന്ത്രി ജസ്വന്ത്സിംഗിനെയും പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും മുഷാറഫ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications