ശബരിമല: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: നവംബര്‍ 16ന് തുടങ്ങുന്ന ശബരിമല തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം മന്ത്രി ജി. കാര്‍ത്തികേയന്‍ നിയമസഭയെ അറിയിച്ചു.
ഓരോ വര്‍ഷവും ശബരിമലയിലെത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനവ് ഉണ്ടാവുന്നുണ്ടെന്ന് ഒരു സബ്മിഷന് മറുപടിയായി നവംബര്‍ 13 ചൊവാഴ്ച മന്ത്രി പറഞ്ഞു.
22.76 ഹെക്ടര്‍ വനഭൂമിയില്‍ തീര്‍ഥാടകര്‍ക്കുള്ള താത്കാലിക ക്യാമ്പുകളൊരുക്കുന്നതിന് കേന്ദ്രം ദേവസ്വത്തിന് അനുമതി നല്‍കിയിട്ടുണ്ട്. നവംബര്‍ 15ന് പമ്പയില്‍ മാലിന്യസംസ്കരണ കേന്ദ്രത്തിന്റെ ആദ്യഘട്ടം കമ്മിഷന്‍ ചെയ്യും.
മരക്കൂട്ടത്ത് ഒരു സ്ഥിരം ഭിത്തി കെട്ടിയുണ്ടാക്കും. ഒരു താത്കാലിക ഫ്ലൈ-ഓവറും ഇവിടെ സ്ഥാപിക്കും. ആരോഗ്യകേന്ദ്രങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കും. പമ്പയില്‍ നിന്നും കുന്നിന്മുകളിലേക്കുള്ള വഴിയില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കും. ഒരു ഹൃദ്രോഗ ചികിത്സായൂണിറ്റും സ്ഥാപിക്കും.
ശുചീകരണ പ്രവര്‍ത്തനത്തിനായി കൂടുതല്‍ പേരെ ഏര്‍പ്പെടുത്തും. ശബരിമലയിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും.
1991ല്‍ ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അതു സംബന്ധിച്ച് യാതൊരു നടപടിയുമുണ്ടായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി കേന്ദ്രത്തിനു മേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് കാര്‍ത്തികേയന്‍ പറഞ്ഞു.












Click it and Unblock the Notifications