പാതിരാമണല്‍ ഒബറോയിക്ക്; അഴിമതിയുണ്ടെന്ന്
തിരുവനന്തപുരം: പാതിരാമണല്‍ വീണ്ടും ഒബറോയ് ഗ്രൂപ്പിന് വിട്ടുകൊടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് പി.സി. ജോര്‍ജ്ജ് എംഎല്‍എ ആരോപിച്ചു. നവമ്പര്‍ 14 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ അഴിമതിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദിനും പങ്കുണ്ട്. വിനോദസഞ്ചാരമന്ത്രി കെ.വി. തോമസും കെടിഡിസി അധ്യക്ഷ പത്മജയും ഈ അഴിമതിയില്‍ പങ്കാളികളാണ്. ഇക്കാര്യത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ തെളിവുകള്‍ നിരത്താം - ജോര്‍ജ്ജ് വ്യക്തമാക്കി.
മുഖ്യമന്ത്രി ആന്റണി, മന്ത്രിമാരായ എം.വി. രാഘവന്‍, ടി.എം. ജേക്കബ്, കെ.ആര്‍. ഗൗരിയമ്മ എന്നിവര്‍ എതിര്‍ത്തിട്ടും പാതിരാമണല്‍ ഒബറോയ് ഗ്രൂപ്പിന് നല്കുകയായിരുന്നു. - ജോര്‍ജ്ജ് പറഞ്ഞു.
വിദേശയാത്രയ്ക്ക് പൊടിയ്ക്കുന്നത് 30 ലക്ഷം
ലണ്ടനില്‍ നടക്കുന്ന ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ പോയ ഔദ്യോഗിക യാത്രാസംഘത്തിന് വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 30 ലക്ഷം രൂപ പൊടിച്ചെന്നും ജോര്‍ജ്ജ് ആരോപിച്ചു.
പത്മജയും ഭര്‍ത്താവും കുടുംബസമേതം മന്ത്രി കെ.വി. തോമസും മേളയില്‍ പങ്കെടുക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്താകുടിശ്ശിക പോലും കൊടുക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാതിരിക്കുമ്പോഴാണ് സര്‍ക്കാര്‍ ചെലവില്‍ ഈ ധൂര്‍ത്തെന്നും ജോര്‍ജ്ജ് ആരോപിച്ചു.












Click it and Unblock the Notifications