കോക് പിറ്റിനുള്ളില്‍ മുഴക്കം കേട്ടു
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ തകര്‍ന്നു വീണ വിമാനത്തിലെ കോക് പിറ്റിനുള്ളില്‍ നിന്നും മുഴക്കം കേട്ടതായി ബ്ലാക് ബോക്സിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ബ്ലാക് ബോക്സില്‍ നിന്നുള്ള സൂചനയനുസരിച്ച് പറന്നുയര്‍ന്ന് രണ്ടു മിനിറ്റോളം കോക്പിറ്റിനുള്ളില്‍ എന്തോ കിലുങ്ങുന്നതായി കേട്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
അടുത്ത ഇരുപത് സെക്കന്റിനുള്ളില്‍ പൈലറ്റുമാര്‍ക്ക് നിയന്ത്രണം നഷ്ടമായി. വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക് ബോക്സും കണ്ടെടുത്തിട്ടുണ്ട്.അമേരിക്കയിലെ കെന്നഡി വിമാനത്താവളത്തിനു സമീപം തിങ്കളാഴാചയാണ് എയര്‍ലൈന്‍സിന്റെ എ 300 എയര്‍ ബസ് തകര്‍ന്നു വീണത്. അപകടത്തില്‍ 262 പേര്‍ കൊല്ലപ്പെട്ടു.
രണ്ടു മിനിട്ടും 24 സെക്കന്റും ദൈര്‍ഘ്യമുള്ള ബ്ലാക് ബോക്സ് നല്‍കുന്ന വിവരങ്ങള്‍ ഇവയാണ്.
ടേക്ക് ഓഫ് കഴിഞ്ഞ് 107സെക്കന്റ് നേരം തുടര്‍ച്ചയായി മുഴക്കം കേട്ടു. 14 സെക്കന്റിനുശേഷം വീണ്ടും അതേ മുഴക്കം ആവര്‍ത്തിച്ചു. 23 സെക്കന്റു കഴിഞ്ഞപ്പോള്‍ കോക് പിറ്റ് വോയിസ് റെക്കോര്‍ഡിംഗ് നിലച്ചു.
വന്‍ തിരച്ചിലിനു ശേഷം ക്വീന്‍സിനടുത്തുള്ള കടല്‍ത്തീരത്തുനിന്നാണ് രണ്ടാമത്തെ ബ്ലാക് ബോക്സ് കണ്ടെടുത്തത്. വിമാനത്തിലെ ഡേറ്റാ റെക്കോര്‍ഡറാണിത്. വിമാനത്തിന്റെ വേഗതയും എഞ്ചിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും പ്രവര്‍ത്തനവും ഇതിലാണ് രേഖപ്പെടുത്തുക.ഇതില്‍ നിന്നുള്ള വിവരങ്ങള്‍ കൂടിയാകുമ്പോള്‍ അപകടത്തിന്റെ സത്യാവസ്ഥ അറിയാമെന്നു കരുതുന്നു












Click it and Unblock the Notifications