മൈക്കും മണല്‍വാരലും ജാഥയും തലവേദന
തിരുവനന്തപുരം: ഉച്ചഭാഷിണിയുടെ ഉപയോഗം, പുഴയില്‍ നിന്നും മണല്‍വാരല്‍, ജാഥാനിരോധനം എന്നീ വിഷയങ്ങളിലെ ഹൈക്കോടതി വിധികള്‍ സര്‍ക്കാരിനെ കുഴക്കുന്നു. തൊട്ടാല്‍പൊള്ളുന്ന ഈ പ്രശ്നങ്ങള്‍ കോടതിവിധിയെ മാനിച്ചുകൊണ്ട് എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ഇനിയും സര്‍ക്കാരിന് തന്നെ വ്യക്തതയുണ്ടായിട്ടില്ല.
നവമ്പര്‍ 15 വ്യാഴാഴ്ച മുഖ്യമന്ത്രി തന്നെ ഇക്കാര്യങ്ങളിലുള്ള സര്‍ക്കാരിന്റെ നിസ്സഹായത തുറന്നുപറഞ്ഞു. കോഴിക്കോട് ജില്ലാ യുവജനോത്സവത്തിലെ പൊലീസ് ഇടപെടലിനെക്കുറിച്ചുള്ള സിപിഎമ്മിലെ മത്തായിചാക്കോയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്കുമ്പോഴാണ് മുഖ്യമന്ത്രി ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്.
ജാഥാനിരോധനം, ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം, നദികളില്‍ നിന്ന് മണല്‍വാരല്‍ എന്നീ വിഷയങ്ങളില്‍ സര്‍ക്കാരിനെയും പൊലീസിനെയും കുഴക്കുന്ന പ്രശ്നങ്ങളാണ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ ഈ വിഷയങ്ങളിലെ ഹൈക്കോടതി വിധികള്‍ എങ്ങിനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പഠിച്ചുവരികയാണെന്ന് ആന്റണി പറഞ്ഞു.
കോഴിക്കോട് ജില്ല യുവജനോത്സവം സര്‍ക്കാര്‍ ചെലവില്‍ നടത്തും
ഹൈക്കോടതി നല്കിയ മാര്‍നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് രാത്രി 10 മണിക്ക് ശേഷവും മൈക്ക് ഉപയോഗിച്ചതുകൊണ്ടാണ് പൊലീസ് കോഴിക്കോട് ജില്ലാ യുവജനോത്സവം തടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ എല്ലാ വശങ്ങളും പഠിച്ച ശേഷം സര്‍ക്കാര്‍ കൂടുതല്‍ തീരുമാനമെടുക്കും.- ആന്റണി പറഞ്ഞു.
അതേ സമയം സംസ്ഥാനയുവജനോത്സവത്തിന് മുമ്പായി കോഴിക്കോട് ജില്ലാ യുവജനോത്സവം സര്‍ക്കാര്‍ ചെലവില്‍ വീണ്ടും നടത്തുമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications