കോണ്‍ഗ്രസ് ഭാരവാഹിയെ മലംതീറ്റിച്ചെന്ന്
അടിമാലി: പന്നിയാര്‍ക്കുട്ടി എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമായ സി.ജി. മധുവിനെ(36) പൊലീസ് മലംതീറ്റിച്ചതായി പരാതി. നവമ്പര്‍ 13 ചൊവാഴ്ചയാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നതെന്ന് മധുവിന്റെ പരാതിയില്‍ പറയുന്നു.
മധുവിന്റെ പരാതിയില്‍ നല്കിയ വിവരങ്ങള്‍ ചുവടെ: പന്നിയാര്‍കുട്ടി എസ്എന്‍ഡിപി ശാഖായ്ക്കടുത്തുള്ള പുത്തന്‍ പുരയ്ക്കല്‍ ശേഖരന്റെ സ്ഥലത്തെ വേലി പൊളിച്ച കേസിനെക്കുറിച്ച് ചിലവിവരങ്ങള്‍ അറിയാനാണ് മധുവിനെ പൊലീസ് സ്റേഷനിലേക്ക് വിളിപ്പിച്ചത്. ചൊവാഴ്ച പകല്‍ 11 മണിയോടെ എസ്എന്‍ഡിപി ശാഖാപ്രസിഡന്റ് ബിജുവിനോടൊപ്പം മധു രാജാക്കാട് പൊലീസ് സ്റേഷനിലെത്തി.
എസ്ഐയുടെ മുറിയില്‍ എത്തിയ മധുവിനോട് എസ്ഐ തട്ടിക്കയറി. കുറച്ചുനേരം പുറത്തിറങ്ങി നില്ക്കാന്‍ ആവശ്യപ്പെട്ടു. പെട്ടെന്ന് പുറത്തേക്കിറങ്ങിയ മധുവിനെ സ്റേഷന്റെ ഇടനാഴിയില്‍ നിന്ന ഹെഡ് കോണ്‍സ്റബിള്‍ കരുണാകരന്‍ ദേഹോപദ്രവമേല്പിച്ചു. തുടര്‍ന്ന് അഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചു ലോക്കപ്പില്‍ തള്ളി.
പത്ത് മിനിറ്റിന് ശേഷം എസ്ഐയുടെ വക മര്‍ദ്ദനത്തിന് ശേഷം മധുവിനെ വീണ്ടും ലോക്കപ്പിലാക്കി. ഇതിനിടയില്‍ മര്‍ദ്ദനമേറ്റ മധു മലവിസര്‍ജ്ജനം നടത്തി. ഹെഡ്കോണ്‍സ്റബിള്‍ ഇതു കക്കൂസാണോടാ എന്ന് ചോദിച്ച് മധുവിനെക്കൊണ്ട് മലം തീറ്റിച്ചു.
മധുവിന്റെ കൂടെയുണ്ടായിരുന്ന ശാഖാപ്രസിഡന്റ് ബിജു ഇതിനകം എസ്എന്‍ഡിപി ഓഫീസിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ്സ്റേഷനിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പൊലീസ് ക്ഷമാപണം നടത്തിയശേഷം കേസൊന്നുമെടുക്കാതെ മധുവിനെ വിട്ടയച്ചു. മധുവിനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് പിന്നീട് അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേ സമയം പൊലീസുകാരെ തല്ലിയശേഷം മധു ഓടിരക്ഷപ്പെട്ടു എന്നാണ് പൊലീസ് കേസ്. സംഭവത്തില്‍ പ്രതിഷേധിച്ച് രാജാക്കാട് എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ പൊതുയോഗവും പ്രകടനവും നടന്നു. സംഭവത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്.












Click it and Unblock the Notifications