കരുണാകരനെതിരായ കേസ്: രേഖകള്‍ ഹാജരാക്കണം
കൊച്ചി: കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനെതിരായ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി പബ്ലിക് പ്രൊസിക്യൂട്ടറോട് ആവശ്യപ്പെട്ടു. കരുണാകരന്‍ കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് നവാബ് രാജേന്ദ്രന്‍ നല്‍കിയ പരാതി തള്ളിക്കളഞ്ഞ കീഴ്കോടതിയുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിന്മേലാണ് ഉത്തരവുണ്ടായത്.
ജസ്റിസ് ടി. എം. ഹസ്സന്‍ പിള്ളയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ നവാബ് രാജേന്ദ്രന്‍ നല്‍കിയ പരാതി തൃശൂരിലെ പ്രത്യേക കോടതി തള്ളിക്കളയുകയായിരുന്നു.
കരുണാകരന്റെ പരേതയായ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ ചികിത്സക്കായി നല്‍കിയ 42 ലക്ഷം രൂപ എവിടെ നിന്ന് ലഭിച്ചതാണെന്ന് പ്രത്യേക കോടതി അന്വേഷിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ നവാബ് രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. വാഷിംഗ്ടണിലെ സെന്റ് മേരീസ് ആശുപത്രിയില്‍ വെച്ചാണ് കല്യാണിക്കുട്ടിയമ്മയ്ക്ക് ചികിത്സ നല്‍കിയത്.
കരുണാകരന്‍ ടെലഫോണ്‍ ബില്ലായി അടച്ച 20 ലക്ഷം രൂപ ലഭിച്ചതെങ്ങനെയെന്നും കീഴ്കോടതി അന്വേഷിച്ചില്ല, ഗുരുവായൂര്‍ അമ്പലത്തില്‍ കരുണാകരന്‍ ഇടക്കിടെ നടത്താറുള്ള ഉദയാസ്തമയ പൂജക്ക് 30,000 രൂപ ചെലവ് വരുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications