കീഴടങ്ങാമെന്ന് വീരപ്പന്‍
ചെന്നൈ: പ്രത്യേക ദൗത്യ സേനയെ പിന്‍വലിച്ചാല്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് കാട്ടു കള്ളന്‍ വീരപ്പന്‍. തമിഴ് മാസികയായ നെറ്റ്ട്രിക്കണ്‍ പത്രാധിപര്‍ എ എസ് മണിക്ക് അയച്ച ഒരു ഓഡിയോ കസെറ്റിലാണ് വീരപ്പന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കീഴടങ്ങലിന് വഴിയൊരുക്കാനായാണ് പ്രത്യേക ദൗത്യ സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നത്. കസെറ്റ് കിട്ടിയ കാര്യം തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ അറിയിച്ചെങ്കിലും തണുത്ത പ്രതികരണമായിരുന്നു ഉണ്ടായതെന്ന് മണി പത്രസമ്മേളനത്തില്‍ പറഞ്ഞു.
നവംബര്‍ ഏഴിനാണ് കസെറ്റ് കിട്ടിയത്. ഒന്‍പതിന് മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചു. ഒരു ദൂതന്‍ വഴിയാണ് കസെറ്റ് മണിക്ക് കിട്ടിയത്. കസെറ്റ് ജയലളിതയെ കേള്‍പ്പിക്കണമെന്നും വീരപ്പന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കന്നട നടന്‍ രാജ്കുമാറിനെ വിടാനായി ചര്‍ച്ചനടത്തിയ നക്കീരന്‍ ഗോപാലനെ തനിക്ക് വിശ്വാസം ഇല്ലെന്നും അയാള്‍ തന്നെ പറ്റിച്ചെന്നും വീരപ്പന്‍ കസെറ്റില്‍ പറയുന്നു. അതുകൊണ്ടാണ് മണിയെ പുതിയ ദൗത്യം ഏല്‍പ്പിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രത്യേക ദൗത്യ സേനക്ക് മുന്നില്‍ താന്‍ കീഴടങ്ങില്ലെന്നും വീരപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടക - തമിഴ്നാട് സര്‍ക്കാരുകള്‍ ആദ്യം സേനയെ പിന്‍വലിക്കണം. തുടര്‍ന്ന് ചര്‍ച്ചക്കായി താന്‍ നിര്‍ദ്ദേശിക്കുന്ന മറ്റൊരാളോടൊപ്പം മണി കാട്ടിലെത്തണം. സേനയെ പിന്‍വലിച്ചാല്‍ മാത്രമേ രണ്ടാമന്റെ പേര് വെളിപ്പെടുത്തുകയുള്ളു. പിന്നീടുള്ള ചര്‍ച്ചകളില്‍ കൂടുതല്‍ ഉപാധികള്‍ വെയ്കുമെന്നും വീരപ്പന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
വീരപ്പനില്‍ പൂര്‍ണ്ണവിശ്വാസം ഉണ്ടങ്കില്‍ മാത്രം ഈ ദൗത്യം ഏറ്റെടുത്താല്‍ മതിയെന്നും മണിയോട് വീരപ്പന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതേപോലെ 1993 ലും 1997 ലും 1998 ലും വീരപ്പന്‍ കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications