ആഗോള ടൂറിസം മേളയില്‍ കേരളം ശ്രദ്ധനേടി
തിരുവനന്തപുരം: ലണ്ടനില്‍ നവമ്പര്‍ 12 മുതല്‍ 15 വരെ നടന്ന വേള്‍ഡ് ടൂറിസം മേളയില്‍ കേരളാപവലിയന്‍ ശ്രദ്ധിക്കപ്പെട്ടു. ആയുര്‍വേദം, കായലോര-കടലോര ടൂറിസം എന്നിവയില്‍ കേന്ദ്രീകരിച്ചുള്ള പ്രദര്‍ശനമായിരുന്നു പ്രധാനമായും കേരളത്തിന്റെ സ്റാളില്‍.
വള്ളംകളി, തെയ്യം, കഥകളി എന്നിങ്ങനെ സാംസ്കാരിക പ്രത്യേകതകള്‍ വിശദീകരിക്കാനും കേരളം പ്രത്യേകം ശ്രദ്ധിച്ചു. കേരളത്തിലെ വിഭവങ്ങള്‍ രുചിക്കാനും വിദേശികള്‍ എത്തി.
കേന്ദ്രടൂറിസം മന്ത്രി ജഗ്മോഹന്‍ ലണ്ടനില്‍ വാര്‍ത്തസമ്മേളനം നടത്തിയപ്പോള്‍ കേരളത്തെപ്പറ്റി പ്രത്യേകം പരാമര്‍ശിച്ചു. കേരളം ടൂറിസം രംഗത്ത് സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം നല്കുമെന്ന കാര്യം പ്രത്യേകം ഊന്നിയതിനാല്‍ ഏതാനും വിദേശ കമ്പനികള്‍ കേരളംടൂറിസം മന്ത്രി കെ.വി. തോമസുമായി ചര്‍ച്ചചെയ്യാന്‍ താല്പര്യം കാട്ടി. അന്താരാഷ്ട്ര റിസോര്‍ട്ട് കമ്പനിയായ ബനിയന്‍ ട്രീ കേരളത്തില്‍ മുതല്‍ മുടക്കുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞു.
എന്നാല്‍ മേളയില്‍ പങ്കെടുക്കാനെത്തിയ വിനോദ സഞ്ചാര വ്യവസായ സംഘങ്ങള്‍ക്ക് വേണ്ട സൗകര്യം ചെയ്ത് കൊടുക്കാന്‍ കേരള വിനോദ സഞ്ചാര വകുപ്പിന് കഴിഞ്ഞില്ലെന്ന് കാര്യമായ പരാതി ഉയര്‍ന്നിട്ടുണ്ട്. കേരളത്തിന്റെ സ്റാള്‍ ആരും ശ്രദ്ധിക്കാത്ത സ്ഥാനത്താണ് ഒരുക്കിയിരുന്നതെന്നും പരാതി ഉണ്ടായി. അമേരിക്കയിലെ സംഭവ വികാസങ്ങള്‍ കൊണ്ട് പൊതുവേ മാന്ദ്യം നേരിടുന്ന കേരളത്തിലെ വിനോദ സഞ്ചാര മേഖലക്ക് ഇത് കൂടുതല്‍ ആഘാതമായെന്നാണ് മേളയില്‍ പങ്കെടുക്കാനെത്തിയ ചില സംഘങ്ങളുടെ പരാതി.












Click it and Unblock the Notifications