അഫ്ഗാനുമായി ഇന്ത്യ ബന്ധം പുന: സ്ഥാപിച്ചു
ന്യൂഡല്‍ഹി : അഞ്ചു വര്‍ഷത്തിനു ശേഷം ഇന്ത്യ അഫ് ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പുന:സ്ഥാപിച്ചു. മാറുന്ന രാഷ്ട്രീയ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ഇന്ത്യ കാബൂളില്‍ നവമ്പര്‍ 21 ബുധനാഴ്ച ലെയ്സന്‍ ഓഫീസ് തുറന്നു. താലിബാന്‍ ഭരണത്തില്‍ നിന്നും പുറത്തായ ശേഷം അഫ്ഗാനില്‍ ലെയ്സന്‍ ഓഫീസ് തുറക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. താലിബാന്‍ അധികാരമേറ്റതിനെത്തുടര്‍ന്ന് 1996 സെപ്തമ്പറില്‍ ഇന്ത്യ കാബൂളിലെ നയതന്ത്രഓഫീസ് അടച്ചിരുന്നു.
വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗ് പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഈ വിവരം. ഇന്ത്യന്‍ ദൗത്യവുമായി പ്രത്യേക ദൂതന്‍ എസ് കെ ലാംബയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്നലെ കാബൂളിന് സമീപമുള്ള ബംഗ്രാം വിമാനത്താവളത്തിലിറങ്ങി. അഫ്ഗാനിസ്ഥാനിലെത്തിയ ഉടന്‍, സംഘം വടക്കന്‍ സഖ്യത്തിന്റെ നേതാക്കളുമായി ചര്‍ച്ച നടത്തി. വിദേശമന്ത്രാലയത്തിന്റെ പബ്ലിസിറ്റി ഡയറക്ടറായിരുന്ന ഗൗതം മുഖോപാദ്ധ്യായയ്ക്കാണ് ലെയ്സണ്‍ ഓഫീസിന്റെ ചുമതല.
സൈനിക ഡോക്ടര്‍മാരും പാരാമെഡിക്കല്‍ വിഭാഗവും അടങ്ങുന്ന മറ്റൊരു സംഘവും ഇന്ത്യയില്‍ നിന്നും കാബൂളിലേയ്ക്ക് പോയിട്ടുണ്ട്. പ്രതിനിധി സംഘത്തെ അയയ്ക്കുന്ന വിവരം ഇന്ത്യ മുന്‍കൂട്ടി അമേരിക്കയെ അറിയിച്ചിരുന്നു. താമസിയാതെ കാബൂളില്‍ താല്‍ക്കാലിക ഇന്ത്യന്‍ എംബസി തുറക്കുമെന്ന് വിദേശകാര്യ സഹമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.
ഇതേസമയം മുന്‍ വൈരാഗ്യമുപേക്ഷിച്ച് വടക്കന്‍ സഖ്യവുമായി അടുക്കാന്‍ പാകിസ്ഥാനും ശ്രമമാരംഭിച്ചു. ഇറാന്‍, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ വഴിയാണ് പാകിസ്ഥാന്‍ വടക്കന്‍ സഖ്യവുമായി ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുന്നത്.


Click it and Unblock the Notifications