വിനോദസഞ്ചാരം: കൊല്ലത്തിന്റെ സ്ഥാനം മങ്ങുന്നു
കൊല്ലം: സംസ്ഥാനത്തെ ജലാശയ വിനോദസഞ്ചാരമേഖലയില്‍ കൊല്ലം ജില്ലയുടെ സ്ഥാനം മങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഈയിടെ പ്രഖ്യാപിച്ച വിനോദസഞ്ചാര നയമായ വിനോദസഞ്ചാര ദര്‍ശനം 2025 ല്‍ കൊല്ലം ജില്ലയ്ക്കായി പുതിയ പദ്ധതികളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല.
ജലാശയ, ഉള്‍നാടന്‍ വിനോദസഞ്ചാരങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള കൊല്ലം ജില്ലയെ അവഗണിച്ചുകൊണ്ടാണ് വിനോദസഞ്ചാര ദര്‍ശനം പ്രഖ്യാപിച്ചത്. കൊച്ചി, മലബാര്‍ മേഖലകളിലാണ് പുതിയ ജലാശയ വിനോദസഞ്ചാരപദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഷ്ടമുടി വിനോദസഞ്ചാര കോംപ്ലക്സിനെ കുറിച്ച് വിനോദസഞ്ചാര ദര്‍ശനത്തില്‍ ഒന്നും പറയുന്നില്ല. ജല കായികവിനോദ കേന്ദ്രം, കരകൗശല കേന്ദ്രം, താമസസൗകര്യങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളോടെ തുടങ്ങാനിരുന്ന ആശ്രമം പദ്ധതി മിക്കവാറും അടഞ്ഞ അധ്യായമായിട്ടുണ്ട്.
വിനോദസഞ്ചാരികള്‍ക്ക് കൊല്ലം ജില്ലയിലുള്ള സൗകര്യങ്ങള്‍ തീരെ പരിമിതമാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്രവും നല്‍കുന്ന ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നതിലാകട്ടെ ജില്ലാ വിനോദസഞ്ചാര പ്രൊമോഷന്‍ കൗണ്‍സില്‍ പരാജയവും. ഫണ്ട് വിനിയോഗിച്ചതില്‍ അഴിമതി നടത്തിയെന്ന കേസില്‍ കൗണ്‍സിലിന്റെ മുന്‍ സെക്രട്ടറി അന്വേഷണം നേരിടുകയാണ്.












Click it and Unblock the Notifications