പരിയാരം ബില്‍ പാസാക്കി
തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജ് സഹകരണമേഖലയ്ക്ക് കൈമാറുന്ന ബില്‍ നിയമസഭ പാസാക്കി. നവംബര്‍ 29 വ്യാഴാഴ്ച രാത്രി 10 മണി വരെ ചേര്‍ന്ന സഭ നീണ്ട ചര്‍ച്ചയ്ക്കു ശേഷം 26നെതിരെ 63 വോട്ടുകള്‍ക്കാണ് പരിയാരം കോളജും ആശുപത്രിയും (ഭരണത്തിന് വേണ്ടിയുള്ള കൈമാറ്റം) ബില്‍ പാസാക്കിയത്.
രണ്ടു സൊസൈറ്റികള്‍ക്കാണ് മെഡിക്കല്‍ കോളജ് കൈമാറുന്നത്. ഒരു ചാരിറ്റബിള്‍ സൊസൈറ്റിയായിരിക്കും അക്കാദമി ഒഫ് മെഡിക്കല്‍ സയന്‍സസിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുക. സഹകരണ ആശുപത്രി കെട്ടിടം ഒരു സഹകരണ സൊസൈറ്റിയുടെ കീഴില്‍ വരും.
കോളജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ഉടന്‍ ലഭിക്കുമെന്ന് ചര്‍ച്ചക്ക് മറുപടി പറയവെ ജലസേചനമന്ത്രി ടി. എം. ജേക്കബ് അറിയിച്ചു. ആരോഗ്യമന്ത്രി പി. ശങ്കരനെ നെഞ്ചുവേദന മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് ജേക്കബ് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞത്.
സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഐ എം എ മെഡിക്കല്‍ കോളജിന് അംഗീകാരം നല്‍കാതിരുന്നതെന്ന് അക്കാദമി ഒഫ് മെഡിക്കല്‍ സയന്‍സിന്റെ ഭരണസമിതി വൈസ് ചെയര്‍മാന്‍ കൂടിയായ മന്ത്രി എം. വി. രാഘവന്‍ പറഞ്ഞു. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് ഐഎംഎക്ക് ഉറപ്പ് നല്‍കിയിരുന്നു.
ഡിസംബര്‍ മധ്യത്തോടെ ഐ എം എ നിര്‍ദേശ പ്രകാരമുള്ള സംവിധാനങ്ങള്‍ മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തും. മെഡിക്കല്‍ കോളജ് സ്വകാര്യവ്യക്തികളുടെ കൈകളിലേക്ക് പോകുമെന്ന ആശങ്ക അസ്ഥാനത്താണെന്ന് രാഘവന്‍ പറഞ്ഞു.
മെഡിക്കല്‍ കോളജ് രാഘവന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ വേണ്ടിയാണ് ഈ ബില്‍ കൊണ്ടുവന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications