ഇതു ചതി : മദ്യ വിരുദ്ധ മുന്നണി
കോഴിക്കോട് : കെപിസിസിയുടെ മദ്യ നയത്തിന് മദ്യ വിരുദ്ധ മുന്നണിയുടെ രൂക്ഷ വിമര്‍ശനം.
കളളു കച്ചവടം കരാറുകാരെ തിരിച്ചേല്‍പ്പിക്കാനുളള തീരുമാനത്തിനെതിരെ മുന്നണി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ ഫാ. തോമസ് തൈത്തോട്ടം പറഞ്ഞു.
ഇതു വഞ്ചനയാണ്. ഒരു സാഹചര്യത്തിലും കരാറുകാര്‍ക്ക് ഷാപ്പുകള്‍ തിരിച്ചു നല്‍കില്ലെന്ന് യുഡിഎഫ് നേതാക്കള്‍ ഞങ്ങള്‍ക്കു വാക്കു തന്നിരുന്നു. ഉപസമിതിയിലെ ഭൂരിപക്ഷവും ഞങ്ങളുടെ നിലപാടിനെ പിന്തുണച്ചതുമാണ്. അവസാന നിമിഷത്തിലെ ഈ മലക്കം മറിച്ചില്‍ ഗൂഢാലോചനയുടെ ഫലമല്ലാതെ മറ്റൊന്നുമല്ല. അബ്കാരി ലോബിയുടെ കരങ്ങള്‍ തന്നെയാണ് ഈ തീരുമാനത്തിനു പിന്നില്‍ , ഫാദര്‍ പറയുന്നു.
കല്ലുവാതുക്കലും മറ്റുമുണ്ടായ മദ്യ ദുരന്തത്തിന്റെ വെളിച്ചത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യ വ്യവസായത്തില്‍ നിന്നും കരാറുകാരെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. കെപിസിസി തീരുമാനം അവരെ വീണ്ടും ഈ മേഖലയിലേക്ക് തിരിച്ചു കൊണ്ടു വരികയാണ്.
ഇനിയൊരു ദുരന്തമുണ്ടായാല്‍ പൂര്‍ണ്ണ ഉത്തരവാദിത്തവും കെപിസിസിയ്ക്കായിരിക്കുമെന്ന് ഫാദര്‍ തൈത്തോട്ടം മുന്നറിയിപ്പു നല്‍കി. ഗാന്ധിയന്‍ പാരമ്പര്യത്തില്‍ നിന്നും കോണ്‍ഗ്രസ് വിട പറയുകയാണ്. പ്രകടന പത്രിക ഒന്നൊന്നായി ലംഘിക്കുന്ന യുഡിഎഫ് പുതിയൊരു പത്രികയ്ക്ക് രൂപം നല്‍കണമെന്നും അദ്ദേഹം കളിയാക്കി.












Click it and Unblock the Notifications