കള്ള്ഷാപ്പ്: കെപിസിസി തീരുമാനത്തിനെതിരെ സൂസപാക്യം
തിരുവനന്തപുരം: കള്ള്ഷാപ്പുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനുള്ള കെപിസിസി തീരുമാനത്തോട് തിരുവനന്തപുരം ബിഷപ്പ് ഡോ. എം. സൂസപാക്യം ശക്തമായി പ്രതിഷേധിച്ചു. കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് അയച്ച കത്തില്‍ യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം ലംഘിക്കുകയാണ് ഈ തീരുമാനത്തിലൂടെ ചെയ്യുന്നതെന്ന് സൂസപാക്യം ചൂണ്ടിക്കാട്ടി.
കള്ള്ഷാപ്പുകള്‍ സ്വകാര്യവ്യക്തികള്‍ക്ക് കൈമാറാനുള്ള യുഡിഎഫ് ഉപസമിതിയുടെ തീരുമാനത്തോട് വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് മദ്യനയം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കെപിസിസി ഉപസമിതിയെ നിയോഗിച്ചത്. ഇപ്പോള്‍ കെപിസിസി ഉപസമിതിയുടെ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞ് കള്ള്ഷാപ്പുകള്‍ സ്വകാര്യവ്യക്തികള്‍ക്ക് കൈമാറാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു. ഉപസമിതിയുടെ പ്രവര്‍ത്തനം വെറും പ്രഹസനമാണെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്.
മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്ത യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ 55 മദ്യഷാപ്പുകള്‍ കൂടുതല്‍ അനുവദിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ കള്ള്ഷാപ്പുകള്‍ സ്വകാര്യവ്യക്തികള്‍ക്ക് കൈമാറാനുള്ള നീക്കവും കേരള ജനതയോടുള്ള അവഹേളനമാണ്- കത്തില്‍ സൂസപാക്യം പറഞ്ഞു.












Click it and Unblock the Notifications