ബിഎസ്എന്‍എല്‍ സെല്‍ഫോണ്‍ മാര്‍ച്ചില്‍
കൊല്ലം: ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്(ബിഎസ്എന്‍എല്‍) മൊബൈല്‍ ഫോണ്‍ സര്‍വീസ് 2002 മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് ടെലികോം കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ പി.പി. രാമചന്ദ്രന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ഒന്നേക്കാല്‍ ലക്ഷം വരിക്കാരെ ചേര്‍ക്കും.
രണ്ടാം ഘട്ടത്തില്‍ രണ്ടരലക്ഷത്തോളം പേരെ ക്കൂടി വരിക്കാരായി ചേര്‍ക്കും. 2002 ഫിബ്രവരിയോടെ കേരളത്തില്‍ കോഡ്ലസ് ഫോണ്‍ സര്‍വീസും ആരംഭിക്കാന്‍ പദ്ധതിയുണ്ട്.
വയര്‍ലസ് ഇന്‍ ലോക്കല്‍ ലൂപ്പ്(ഡബ്ല്യു എല്‍എല്‍ ) എന്ന സംവിധാനം വഴിയായിരിക്കും ഈ കോഡ്ലസ് ഫോണ്‍ സര്‍വീസ് ആരംഭിക്കുക. എറണാകുളത്തായിരിക്കും ഈ സംവിധാനം നടപ്പാക്കുക.
പക്ഷെ കേരളത്തില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ഫോണ്‍ ആരംഭിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് മോട്ടറോള കമ്പനിക്ക് 830 കോടി രൂപയ്ക്ക് കരാര്‍ നല്കിയിരുന്നു. എന്നാല്‍ ഈ കരാറിനെ കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് മോട്ടറോള കമ്പനി ഈ കരാറില്‍ നിന്നും പിന്‍വാങ്ങുന്നതായും പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ഫോണ്‍ വൈകുമെന്ന് ആശങ്കയുണ്ടായിരുന്നു.


Click it and Unblock the Notifications