അഫ്ഗാനില്‍ പ്രധാനമന്ത്രിയെ തീരുമാനിച്ചു
ബോണ്‍: അഫ്ഗാനിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയായി താലിബാന്‍ വിരുദ്ധ കമാന്ററും പഷ്തൂണ്‍ നേതാവുമായ ഹമീദ് കര്‍സായി നിയമിതനാകുമെന്ന് യു.എന്‍.വക്താക്കള്‍ സൂചിപ്പിച്ചു. സീമ സമര്‍ എന്ന വനിതയായിരിക്കും ഉപപ്രധാനമന്ത്രി. ജര്‍മ്മനിയിലെ ബോണില്‍ നടക്കുന്ന യോഗത്തിലാണ് ഐക്യരാഷ്ട്രസഭ ഈ തീരുമാനം എടുത്തത്.
ഐക്യരാഷ്ട്രസഭയുടെ പ്രതിനിധിയും അഫ്ഗാനിസ്ഥാനിലെ നാല് വിഭാഗങ്ങളുടെ പ്രതിനിധികളും ജര്‍മ്മന്‍ ചാന്‍സലര്‍ ജെറാര്‍ഡ് ഷ്രോഡറുടെ സാന്നിധ്യത്തിലാണ് കരാറൊപ്പിട്ടത്. ബോണില്‍ നടക്കുന്ന ചര്‍ച്ചയില്‍ കര്‍സായി പങ്കെടുക്കുന്നില്ല. കാണ്ടഹാറില്‍ താലിബാന്‍ വിരുദ്ധ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കര്‍സായി ഇപ്പോള്‍.
പ്രധാനമന്ത്രിസ്ഥാനത്തേക്ക് നാല് പേരുകള്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു. അടുത്ത ആറുമാസമായിരിക്കും ഈ ഇടക്കാലമന്ത്രിസഭയുടെ കാലാവധി. കര്‍സായി പ്രധാനമന്ത്രിയാകണമെന്നായിരുന്നു വടക്കന്‍ സഖ്യത്തിന്റെ പ്രസിഡന്റ് റബാനിയുടെ താല്‍പര്യം. മുന്‍ അഫ്ഗാന്‍ രാജാവ് സഹീര്‍ഷായുടെ പ്രതിനിധി അതാര്‍ സിറാത് അഫ്ഗാന്‍ പ്രധാനമന്ത്രിയാകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. ന്യൂനപക്ഷ ഉസ്ബക് വംശജനും രാജഭരണകാലത്തെ മന്ത്രിയുമായിരുന്ന സിറാത്തിനെ പ്രധാനമന്ത്രിയാക്കണമെന്ന് സഹീര്‍ഷാ പക്ഷം ശഠിച്ചിരുന്നു.
അഫ്ഗാനിലെ ഇടക്കാല സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുന്നതിനു മുമ്പ് അവിടെ അന്താരാഷ്ട്ര സമാധാനപാലന സേന നിലയുറപ്പിക്കും. ഇപ്പോള്‍ യുഎന്‍ അംഗീകാരമുള്ള അഫ്ഗാന്‍ പ്രസിഡന്റ് റബാനിയും പുതിയ മന്ത്രിസഭയില്‍ അംഗമായിരിക്കുമെന്നാണ് സൂചന. വടക്കന്‍ സേനയുടെ കമാന്‍ഡര്‍ ജനറല്‍ മുഹമ്മദ് ഫാഹിമായിരിക്കും. വിദേശകാര്യവകുപ്പ് ഇപ്പോഴത്തെ വടക്കന്‍സഖ്യ വിദേശകാര്യമന്ത്രിയായ അബ്ദുള്ള അബ്ദുളളയ്ക്കു തന്നെയായിരിക്കും.












Click it and Unblock the Notifications