ഘെരാവൊ ക്രിമിനല്‍ കുറ്റമാകുന്നു
തിരുവനന്തപുരം : ഘെരാവൊ ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്ന് പുതിയ തൊഴില്‍ നയം വ്യക്തമാക്കുന്നു. കയറ്റിറക്കത്തിനും പ്രത്യേക നിയമം വരും. മാനേജര്‍മാരെയും കുടുംബാംഗങ്ങളെയും മാനസികമായി പീഡിപ്പിക്കുന്നത് ഇനിമുതല്‍ ശിക്ഷാര്‍ഹമാണ്.
മിന്നല്‍ പണിമുടക്കും ലോക്കൗട്ടും ഒഴിവാക്കുന്നതിന് സുപ്രധാന വ്യവസായങ്ങളെയും സ്ഥാപനങ്ങളെയും അവശ്യ സര്‍വീസായി പ്രഖ്യാപിക്കും. തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ നിയമസഭയില്‍ അവതരിപ്പിച്ച പുതിയ തൊഴില്‍ നയം പലതു കൊണ്ടും ശ്രദ്ധേയമാണ്.
പതിനഞ്ചു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുതകുന്ന വ്യാവസായിക വളര്‍ച്ച പുതിയ തൊഴില്‍ നയം ലക്ഷ്യമിടുന്നു. ഇതിനു പറ്റിയ തൊഴില്‍ അന്തരീക്ഷവും നയം വിഭാവനം ചെയ്യുന്നുണ്ട്. നിലവിലുളള നിയമങ്ങള്‍ക്കു വിധേയമായി തൊഴിലാളികളെ ജോലിക്ക് വിനിയോഗിക്കാന്‍ തൊഴില്‍ സംരംഭകന് പുതിയ നയം അധികാരം നല്‍കുന്നു. തൊഴിലാളികളെ സ്ഥാപനത്തിലെ ഏതു വിഭാഗത്തിലും പണിയെടുപ്പിക്കാം.
പദ്ധതികളുടെ സ്തംഭനാവസ്ഥ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. മെല്ലെപ്പോക്ക് പോലുളള സമരപരിപാടികള്‍ കര്‍ക്കശമായി തടയും.
150 കോടിയോ അതിലധികമോ മുതല്‍മുടക്കുള്ള വ്യവസായങ്ങളിലെ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക അനുരഞ്ജന വിഭാഗം ഏര്‍പ്പെടുത്താന്‍ പുതിയ നയം വ്യവസ്ഥ ചെയ്യുന്നു. ട്രേഡ് യൂണിയനുകളുടെ അംഗീകാരത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കും. പൂട്ടുന്ന ഫാക്ടറികളില്‍ പ്രവര്‍ത്തിച്ചവരും പീഡിത വ്യവസായങ്ങളില്‍ നിന്നും പുറത്താക്കുന്നവരുമായ തൊഴിലാളികള്‍ക്ക് പുനരധിവാസ പദ്ധതികള്‍ ആവിഷ്കരിക്കും. കുറഞ്ഞ കൂലി നിയമത്തിന്റെ കീഴില്‍ കൂടുതല്‍ തൊഴില്‍ വിഭാഗങ്ങളെ കൊണ്ടു വരുമെന്ന് തൊഴില്‍ മന്ത്രി പറഞ്ഞു.












Click it and Unblock the Notifications