ഭരണം അട്ടിമറിക്കാന്‍ ബിജെപി ശ്രമം: മുരളി
കൊച്ചി: കേരളത്തിന്റെ ഭരണം അട്ടിമറിക്കാന്‍ ബിജെപിയും രാജഗോപാലും ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. ഡിസംബര്‍ ഒമ്പത് ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഡിസംബര്‍ ആറിനും തുടര്‍ന്ന് പത്തനംതിട്ടയിലും നടന്ന അക്രമത്തില്‍ എല്‍ഡിഎഫിനും ബിജെപിയ്ക്കും തുല്ല്യപങ്കുണ്ട്. രാജഗോപാല്‍ കുറെക്കാലമായി കേരളത്തില്‍ മനപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. - അദ്ദേഹം പറഞ്ഞു.
അക്രമം അടിച്ചമര്‍ത്തിയില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകും എന്നതുകൊണ്ട് രാജഗോപാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? കേരളത്തില്‍ ബിജെപി അഴിച്ചുവിടാന്‍ പോകുന്ന അക്രമത്തിന് നേതൃത്വം നല്കുമെന്നാണോ അതോ ഈ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിനെ ഇടപെടീക്കുമെന്നോ? രണ്ടായാലും അതിനെ നേരിടാന്‍ തങ്ങള്‍ക്കറിയാമെന്ന് മുരളീധരന്‍ പറഞ്ഞു.
രാജഗോപാല്‍ കേരളത്തിന്റെ വികസനത്തിന് വേണ്ടി ചെയ്യാനാവുന്നതെല്ലാം ചെയ്യുകയാണ് വേണ്ടത്. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ചെയ്യാനാവുന്നതെല്ലാം അദ്ദേഹം ചെയ്യണം. കടലുണ്ടിയില്‍ തീവണ്ടി മറിഞ്ഞ് മൂന്നര മാസക്കാലം കേരളത്തിലെ ജനങ്ങള്‍ നട്ടംതിരിഞ്ഞപ്പോള്‍ റെയില്‍വേയ്ക്കോ രാജഗോപാലിനോ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന സ്ഥിതിവിശേഷം ഒഴിവാക്കാന്‍ കേരളം കൊണ്ടുവരുന്ന കടാശ്വാസബില്ലിന് കേന്ദ്രത്തില്‍ നിന്നും എന്തെങ്കിലും സഹായം വാങ്ങിക്കാന്‍ കഴിയുമെങ്കില്‍ രാജഗോപാല്‍ അതിനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications