റനില്‍ വിക്രമസിംഗെ അധികാരമേറ്റു
കൊളംബോ : വിവാദങ്ങളുടെ അകമ്പടിയോടെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെയുടെ ഔദ്യോഗിക വസതിയില്‍ ഡിസംബര്‍ ഒമ്പത് ഞായറാഴ്ചയായിരുന്നു ചടങ്ങ്. രാഷ്ട്രീയരംഗത്ത് ദീര്‍ഘകാലമായി ചന്ദ്രികയുടെ കടുത്ത എതിരാളിയാണ് 52 കാരനായ വിക്രമസിംഗെ.
വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള മൂന്നു പാര്‍ട്ടികളുള്‍പ്പെട്ട യുണൈറ്റഡ് നാഷണലിസ്റ് മുന്നണി തിരഞ്ഞെടുപ്പില്‍ 125 സീറ്റുകള്‍ നേടിയിരുന്നു. പാര്‍ലമെന്റില്‍ ആകെ 225 സീറ്റാണുളളത്. അഞ്ചു വര്‍ഷമാണ് പാര്‍ലമെന്റിന്റെ കാലാവധി. കുമാരതുംഗെയുടെ പീപ്പിള്‍സ് അലയന്‍സിന് 96 സീറ്റുകള്‍ ലഭിച്ചു.
ശ്രീലങ്കയില്‍ വരും നാളുകളില്‍ പ്രസിഡന്റും സര്‍ക്കാരുമായി അധികാര വടംവലിയുണ്ടാകുമെന്ന വ്യക്തമായ സന്ദേശം സത്യപ്രതിജ്ഞാ ചടങ്ങ് നല്‍കുന്നു. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ടിവിയില്‍ സംപ്രേക്ഷണം ചെയ്തില്ല. പ്രസിഡന്റിന്റെ അധീനതയിലാണ് ശ്രീലങ്കന്‍ ടിവി. സ്വകാര്യ കാമറാ സംഘങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥന്‍മാര്‍ അകറ്റി നിര്‍ത്തി. ഇതില്‍ ഒരെണ്ണം വിക്രമസിംഗെയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ്.
പ്രതിരോധവകുപ്പ് താന്‍ തന്നെ കൈകാര്യം ചെയ്യുമെന്ന് പ്രസിഡന്റും വിട്ടു കൊടുക്കില്ലെന്ന് ഭരണപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. .












Click it and Unblock the Notifications