ഹര്‍ത്താല്‍ ബന്ദായി; പരക്കെ അക്രമം
തിരുവനന്തപുരം : സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് ബന്ദായിമാറി. കടകളടഞ്ഞു കിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കെഎസ്ആര്‍ടിസി കോണ്‍വോയി അടിസ്ഥാനത്തില്‍ ശബരിമലയിലേയ്ക്കു മാത്രം സര്‍വീസ് നടത്തി.
ഹര്‍ത്താലിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായ അക്രമവും ചിലയിടങ്ങളില്‍ പോലീസ് വെടിവയ്പും നടന്നു. ഡിസംബര്‍ ആറിന് പത്തനംതിട്ടയില്‍ എന്‍ഡിഎഫ് നടത്തിയ അക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.
കോഴിക്കോട് ജില്ലയിലെ ഒളമശ്ശേരിയിലാണ് വെടിവയ്പു നടന്നത്.അക്രമത്തിനൊരുങ്ങിയ ഹര്‍ത്താലനുകൂലികളെ പിരിച്ചു വിടാന്‍ പോലീസ് ആകാശത്തേയ്ക്ക് അഞ്ചു റൗണ്ട് വെടിവച്ചു. കാസര്‍കോട് ജില്ലയില്‍ രണ്ടിടത്ത് അക്രമികളെ പിരിച്ചു വിടാന്‍ റബര്‍ ബുളളറ്റ് ഉപയോഗിച്ചു വെടിവച്ചു.
ചെങ്ങന്നൂരില്‍ അക്രമികള്‍ ഒരു കാര്‍ തീവച്ചു നശിപ്പിച്ചു. നാല്‍പ്പത്തഞ്ചു സര്‍ക്കാര്‍ ബസുകളുള്‍പ്പെടെ നൂറുകണക്കിനു വാഹനങ്ങള്‍ തകര്‍ത്തു. പത്തനംതിട്ടയിലെ റാന്നിയിലും അടൂരിലും നിരവധി കടകള്‍ എറിഞ്ഞു തകര്‍ത്തു.
കൊല്ലത്ത് തെന്മലയില്‍ മൂന്നംഗപോലീസ് സംഘത്തെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ എസ് ഐയെയും സഹപ്രവര്‍ത്തകരെയും ആശുപത്രിയിലെത്തിച്ചു. കോഴിക്കോട്ടെ രാമനാട്ടുകരയിലും ഒരു പോലീസ് ഹെഡ് കോണ്‍സ്റബിളിന് അക്രമത്തില്‍ പരിക്കേറ്റു. സംസ്താനത്തെങ്ങും പോലീസ് ജാഗ്രത പാലിക്കുന്നു. ഇതുവരെ ആകെ 1578 പേരെ വിവിധ സ്ഥലങ്ങളില്‍ നിന്നായി അറസ്റു ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications