കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഗില്‍: ശവപ്പെട്ടി വാങ്ങിയതില്‍ അഴിമതി

  • By Staff
Google Oneindia Malayalam News

ദില്ലി : കാര്‍ഗില്‍ രക്തസാക്ഷികള്‍ക്ക് ശവപ്പെട്ടി വാങ്ങിയതിലും അഴിമതി. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സിഎജി(കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ടിലാണ് ലോകത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

പര്‍വതനിരകളില്‍ നിന്ന് ശവശരീരം കേടുകൂടാതെ കൊണ്ടു വരുന്നതിനുളള അലൂമിനിയം പെട്ടികളും ബാഗുകളും വാങ്ങിയതില്‍ കോടികളുടെ ക്രമക്കേട് നടന്നു. കോടികള്‍ നല്‍കി വാങ്ങിയ ശവപ്പെട്ടികള്‍ ഉപയോഗശൂന്യവുമായിരുന്നത്രേ!

കാര്‍ഗില്‍ യുദ്ധവേളയില്‍ ഖജനാവിനുണ്ടായ ആകെ നഷ്ടം 2163 കോടി രൂപയാണ്. ഇതില്‍ 1046 കോടി രൂപയും ചെലവഴിച്ചത് നിലവിലുളള എല്ലാ നിയമങ്ങളെയും തത്ത്വങ്ങളെയും ലംഘിച്ചാണെന്ന് റിപ്പോര്‍ട്ടു പറയുന്നു. രാജ്യം ഭീതിയോടെ വീക്ഷിച്ച യുദ്ധത്തെ പ്രതിരോധ വകുപ്പിലെ അത്യാഗ്രഹികള്‍ സമ്പത്തുണ്ടാക്കാന്‍ വിനിയോഗിച്ചെന്ന നിശിതമായ ആരോപണമാണ് റിപ്പോര്‍ട്ട് ഉന്നയിച്ചിരിക്കുന്നത്.വരും ദിനങ്ങളില്‍ പാര്‍ലമെന്റ് പ്രശ്നത്തിന്മേല്‍ ഇളകിമറിയും.

സിഎജി റിപ്പോര്‍ട്ട് പ്രകാരം 500 അലൂമിനിയം പെട്ടികളും 3,000 ബാഗുകളുമാണ് അമേരിക്കന്‍ കമ്പനിയായ ബൂയിട്രോണ്‍ ആന്റ് ബ്രെയിസില്‍ നിന്നും വാങ്ങിയത്. നല്‍കിയ തുക 7.2 കോടി രൂപയാണ്. ഒരു ശവപ്പെട്ടിയുടെ വില 1.2ലക്ഷം രൂപ! എന്നാല്‍ ഇതേ കമ്പനിയില്‍ നിന്നും അഞ്ചു വര്‍ഷം മുമ്പ് സോമാലിയയില്‍ പോയ ഇന്ത്യന്‍ കമാന്‍ഡര്‍ക്ക് ഈ ശവപ്പെട്ടി 8526രൂപയ്ക്ക് ലഭിച്ചിരുന്നു.

പുതിയ കരാറായിട്ടും വിലപേശലോ മൂല്യ പരിശോധനയോ നടത്തിയില്ലെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. കരാറിന്റെ തൊണ്ണൂറു ശതമാനം നല്‍കി വാങ്ങിയ 150 ശവപ്പെട്ടികളും ഭാരക്കൂടുതല്‍ കാരണം ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശവപ്പെട്ടി വാങ്ങിയതു കൂടാതെയും കോടികളുടെ അഴിമതിയാണ് കാര്‍ഗില്‍ യുദ്ധകാലത്ത് പ്രതിരോധ വകുപ്പില്‍ നടന്നത്. യുദ്ധകാലത്തുണ്ടാക്കിയ 123 പ്രതിരോധ കരാറുകളില്‍ 35 എണ്ണത്തിലും ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നു.

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സിഎജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പോട്ടോയോടുളള സമീപനത്തിന്റെ പേരില്‍ പ്രതിപക്ഷത്തിന്റെ രാജ്യസ്നേഹമളന്ന ബിജെപിയ്ക്ക് ഓര്‍ക്കാപ്പുറത്തുളള അടിയാണ് റിപ്പോര്‍ട്ട്. രാജ്യസ്നേഹത്തിന്റെ കുത്തകയേറ്റെടുത്ത പാര്‍ട്ടിയുടെ ഭരണത്തില്‍ കീഴില്‍ രക്തസാക്ഷിത്വം വരിച്ച ഭടന്മാര്‍ക്കു ശവപ്പെട്ടി വാങ്ങിയതില്‍പ്പോലും കോടികളുടെ അഴിമതി നടന്നെന്ന കണ്ടെത്തല്‍ പ്രതിപക്ഷം ഭംഗിയായി ഉപയോഗിക്കും.

വരുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലും പാര്‍ട്ടിയ്ക്ക് ഈ പ്രശ്നം ദോഷം ചെയ്യുമെന്നു കരുതുന്നു. ഒപ്പം കാര്‍ഗില്‍ യുദ്ധം വന്‍കിട ആയുധക്കമ്പനികളുടെ സൃഷ്ടിയായിരുന്നെന്ന വിലയിരുത്തലിന് തെളിവുമാകുന്നു സിഎജി റിപ്പോര്‍ട്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X