കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേക്ക് നിക്ഷേപമാകര്‍ഷിക്കാന്‍ ദില്ലിയില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: വിവിധ പദ്ധതികളില്‍ കേന്ദ്രസഹായം തേടാനും കേന്ദ്രബജറ്റിന് മുന്നോടിയായ ചര്‍ച്ചകള്‍ക്കും മുഖ്യമന്ത്രി ആന്റണിയും മറ്റ് മന്ത്രിമാരും ഡിസംബര്‍ 11 ചൊവാഴ്ച ദില്ലിയിലെത്തി.

നാലുദിവസം കഴിഞ്ഞ് മന്ത്രിമാര്‍ മടങ്ങുമെങ്കിലും മുഖ്യമന്ത്രി ഒരാഴ്ച കഴിഞ്ഞേ മടങ്ങൂ. കേരളത്തിലേക്ക് ഐടി മേഖലയിലേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ നാസ്കോമിന്റെയും ( കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ കമ്പനികളുടെ ദേശീയസംഘടന)മറ്റും ഐടി വിദഗ്ധരേയും ചില സോഫ്വെയര്‍ വ്യവസായികളേയും ഡിസംബര്‍ 12 ബുധനാഴ്ച കാണുന്നുണ്ട്.

വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍, ധനമന്ത്രി കെ. ശങ്കരനാരായണന്‍, ഭക്ഷ്യമന്ത്രി ജി. കാര്‍ത്തികേയന്‍, ഗ്രാമവികസനമന്ത്രി സി.എഫ്. തോമസ്, പാര്‍ലമെന്ററി കാര്യമന്ത്രി എം.എം. ഹസ്സന്‍ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ചീഫ് സെക്രട്ടറി വി. കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ 20 ഉന്നതോദ്യോഗസ്ഥരും ദില്ലിയിലുണ്ട്.

കേന്ദ്ര നഗരവികസനമന്ത്രി അനന്ത്കുമാര്‍, പരിസ്ഥിതി-വനംമന്ത്രി ടി.ആര്‍. ബാലു, റെയില്‍വേ മന്ത്രി നിതീഷ്കുമാര്‍, പെട്രോളിയം-പ്രകൃതിവാതകമന്ത്രി രാംനായിക് എന്നിവരുമായി ചര്‍ച്ചനടത്തും. ഡിസംബര്‍ 12ന് വൈകീട്ട് ആറ്മണിക്ക് എംപിമാരുടെ പ്രത്യേകയോഗം നടത്തും.

ഡിസംബര്‍ 13 വ്യാഴാഴ്ച മുഖ്യമന്ത്രി ആന്റണി പ്രധാനമന്ത്രിയെക്കാണും. കേന്ദ്രധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ, ഐടി മന്ത്രി പ്രമോദ് മഹാജന്‍, ഗ്രാമവികസനമന്ത്രി വെങ്കയ്യനായിഡു, ഊര്‍ജ്ജമന്ത്രി സുരേഷ്പ്രഭു എന്നിവരുമായും ആന്റണി കൂടിക്കാഴ്ച നടത്തും.

ഡിസംബര്‍ 14 വെള്ളിയാഴ്ച നോര്‍ക്ക സെല്‍ വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗ് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ആന്റണി അധ്യക്ഷതവഹിച്ചു. കേന്ദ്ര കൃഷിമന്ത്രി അജിത് സിംഗ്, വാണിജ്യമന്ത്രി മുരശൊലി മാരന്‍, ഷിപ്പിംഗ്മന്ത്രി വേദ്പ്രകാശ്ഗോയല്‍, സിവില്‍ എവിയേഷന്‍ മന്ത്രി ഷാനവാസ് ഹുസൈന്‍, ജനറല്‍ ഇലക്ട്രിക് കമ്പനിയുടെ മാനേജര്‍മാര്‍, പ്രസിഡന്റ് എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തും.

മുഖ്യമന്ത്രി ആന്റണി രണ്ടുദിവസം കൂടുതല്‍ ദില്ലിയില്‍ തങ്ങും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായും മറ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടത്താനാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X