വൈദ്യുതി ബില്ല്: പിഴ പത്തിരട്ടിയാക്കി
തിരുവനന്തപുരം: നിശ്ചിത സമയത്ത് വൈദ്യുതി ബില്ലടച്ചില്ലെങ്കില്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന പിഴ പത്തിരട്ടിയായി കൂട്ടി. നേരത്തെ അഞ്ച് രൂപയായിരുന്ന പിഴ 50 രൂപയായാണ് വൈദ്യുതി ബോര്‍ഡ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ഡിസംബര്‍ ഏഴ് മുതല്‍ പിഴ വര്‍ധനവ് പ്രാബല്യത്തില്‍ വരികയും ചെയ്തു. ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കാതെയാണ് വൈദ്യുതി ബോര്‍ഡ് പിഴ വര്‍ധന പ്രാബല്യത്തില്‍ കൊണ്ടുവന്നത്. പിഴ വര്‍ധിപ്പിക്കുന്നത് രഹസ്യമാക്കി വെച്ചതുകാരണം നിശ്ചിതസമയത്ത് ബില്ലടക്കാത്ത പല ഉപഭോക്താക്കള്‍ക്കും ഈ മാസം 50 രൂപ പിഴയായി അടക്കേണ്ടിവന്നു.
റീകണക്ഷന്‍ ഫീ എന്ന പേരിലാണ് ഈ തുക ഈടാക്കുന്നത്. കണക്ഷന്‍ വിഛേദിച്ചില്ലെങ്കില്‍ പോലും 50 രൂപ റീകണക്ഷന്‍ ഫീയായി നല്‍കണം.
ഇതിനു പുറമെ വൈദ്യുതി ബോര്‍ഡിലെ എല്ലാ അപേക്ഷാഫോറങ്ങളുടെയും വില 50 രൂപയാക്കി. നേരത്തെ രണ്ട് രൂപക്ക് നല്‍കിയിരുന്ന ഫോറത്തിനാണ് കുത്തനെ വില കൂട്ടിയത്. വൈദ്യുത ചാര്‍ജ് വര്‍ധനവിന് പിന്നാലെയാണ് ഉപഭോക്താവിനെ പിഴിയുന്ന വര്‍ധനവുകള്‍ വൈദ്യുതി ബോര്‍ഡ് പ്രാബല്യത്തില്‍ കൊണ്ടുവന്നിരിക്കുന്നത്.












Click it and Unblock the Notifications