നീണ്ടകരയിലെ ഖനനം സ്വകാര്യകമ്പനിക്ക് നല്കും
തിരുവനന്തുപുരം: നീണ്ടകര-കായംകുളം മേഖലയിലെ ധാതുഖനനജോലികള്‍ സ്വകാര്യകമ്പനിയെ എല്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിറകോട്ടില്ലെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കരാര്‍ സംബന്ധിച്ച് നിരവധി എതിര്‍പ്പുകളും പരാതികളും നിലനില്ക്കുന്നുവെങ്കിലും സര്‍ക്കാര്‍ തീരുമാനത്തില്‍ വിട്ടുവീഴ്ചകള്‍ക്കൊരുക്കമല്ല.
ഖനനമേഖല സ്വകാര്യവല്ക്കരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഒരു സമഗ്ര ഖനനനയം സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഈ മേഖലയില്‍ നിലനില്ക്കുന്ന സംശയങ്ങള്‍ അതോടെ തീരുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ധാതുസമ്പത്ത് പാഴാക്കിക്കളയില്ലെന്നും കാര്യക്ഷമമായി അത് ഖനനംചെയ്തെടുക്കാനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എന്നാല്‍ ഈ പദ്ധതിക്കെതിരെ പ്രതിപക്ഷം മാത്രമല്ല, ഭരണപക്ഷത്തിലെയും ചില അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
മറ്റുസംസ്ഥാനങ്ങള്‍ ധാതുഖനനമേഖലയില്‍ ഏറെ മുന്നേറിയതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. തമിഴ്നാട് 1500 കോടി ചെലവില്‍ ഒരു വന്‍ ധാതുഖനനപ്ലാന്റാണ് തൂത്തുക്കുടിയില്‍ സ്ഥാപിച്ചത്. അടുത്ത നാല്പത് വര്‍ഷം ഖനനം ചെയ്താലും തീരാത്തത്രയും ധാതുസമ്പത്ത് കേരളത്തിലുണ്ട്. എന്നിട്ടും നമുക്കീ വിഭവം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
ഖനനം പരിസ്ഥിതിയ്ക്ക് കോട്ടം തട്ടിക്കുമെന്ന വിമര്‍ശനത്തെയും മന്ത്രി തള്ളി. ഒമ്പതുമീറ്റര്‍ വരെ ആഴത്തില്‍ ഖനനം നടത്തിയാല്‍ പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊച്ചിയിലെ ഒരു സ്വകാര്യകമ്പനിക്ക് കരാര്‍ നല്കാന്‍ സര്‍ക്കാര്‍ താല്പര്യം കാട്ടുന്നുവെന്ന പരാതിയെക്കുറിച്ചുള്ള ചോദ്യത്തിന് ആ കമ്പനിയുടെ അപേക്ഷ പരിഗണനയ്ക്കായി കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുത്തിരിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications