കാര്‍ഷിക മേഖലയില്‍ കേന്ദ്രസഹായമില്ല: ആന്റണി
തിരുവനന്തപുരം: നാലുദിവസത്തെ ദില്ലിസന്ദര്‍ശനത്തില്‍ താന്‍ പൂര്‍ണ്ണതൃപ്തനല്ലെന്ന് മുഖ്യമന്ത്രി ആന്റണി. ഡിസംബര്‍ 16 ഞായറാഴ്ച ദില്ലിയില്‍ നിന്നും തിരിച്ചെത്തിയ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കാര്‍ഷികമേഖലയിലെ തകര്‍ച്ചയില്‍ നിന്നും കേരളത്തെ കരകയറ്റാനുള്ള കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്നും വേണ്ടത്രതൃപ്തികരമായ മറുപടി കിട്ടിയില്ല. പൂയംകുട്ടി പദ്ധതിയുടെ കാര്യത്തിലും അനുകൂലപ്രതികരണം കേന്ദ്രത്തില്‍ നിന്നും ഉണ്ടായിട്ടില്ല. എന്തായാലും കേരളത്തിലെ ജനങ്ങളുടെ സാമ്പത്തികഭാരം കുറയാനിടയില്ല. - മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം വല്ലാര്‍പാടം കണ്ടെയ്നര്‍ പദ്ധതിയ്ക്കും കായംകുളം എല്‍എന്‍ജി പദ്ധതിയ്ക്കും കേന്ദ്രം പൂര്‍ണ്ണപിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. കായംകുളം നിലയം നാഫ്തയ്ക്ക് പകരം ദ്രവീകൃത പ്രകൃതിവാതകം ഉപയോഗിച്ചാല്‍ വൈദ്യുതി കുറഞ്ഞ വിലയ്ക്ക് നല്കാന്‍ കഴിയുമെന്ന് ആന്റണി പറഞ്ഞു. അപകടനിലയിലുള്ള പാലങ്ങളെല്ലാം രണ്ടുവര്‍ഷത്തിനുള്ളില്‍ പുതുക്കിപ്പണിയാമെന്നും കേന്ദ്രത്തില്‍ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്. എന്തായാലും താന്‍ കേന്ദ്രവുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടില്ലെന്നും പകരം ധാരണാക്കത്ത് കൈമാറുക മാത്രമേ ചെയ്യുകയുള്ളൂവെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications