നന്നായി തയ്യാറെടുത്തേ ആക്രമിക്കാവൂ
ദില്ലി: ആവശ്യമായ തയ്യാറെടുപ്പുകള്‍ക്കു ശേഷമേ ഇന്ത്യ അധിനിവേശ കാശ്മീരില്‍ ആക്രമണം നടത്താവൂവെന്ന് മുന്‍ കരസേനാ മേധാവി.
പ്രത്യാക്രമണത്തെക്കാള്‍ നല്ല വഴി പാകിസ്താനിലെ ഇന്ത്യന്‍ ഏജന്‍സികളെ ഉപയോഗിച്ച് രഹസ്യയുദ്ധം നടത്തുന്നതാണെന്നും വി.പി.മാലിക് പ്രസ്താവിച്ചു. കാര്‍ഗില്‍ യുദ്ധവേളയില്‍ ഇന്ത്യന്‍ സൈന്യത്തെ നയിച്ചത് മാലിക്കായിരുന്നു. സ്റാര്‍ ടി വി ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് മാലിക് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
പാക് അധിനിവേശ കാശ്മീരില്‍ ഇന്ത്യ നടത്തുന്ന ഏതാക്രമണവും ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിനു വഴി തെളിക്കും. അതിനാല്‍ അതിര്‍ത്തിയ്ക്കപ്പുറത്തെ ഭീകരക്യാമ്പുകള്‍ ആക്രമിക്കുന്നത് ബുദ്ധിയല്ല. പാകിസ്താന്‍ ആണവശേഷിയുളള രാജ്യമാണെന്നും നാമോര്‍ക്കണം. വി.പി.മാലിക് പറഞ്ഞു.
പാകിസ്താന്‍ ആസ്ഥാനമാക്കിയുളള തീവ്രവാദികള്‍ ഇന്ത്യയ്ക്കെതിരെ അക്രമം ശക്തമാക്കിയ സാഹചര്യത്തില്‍ രാജ്യം വീണ്ടും ഒരു പാക്-യുദ്ധത്തോടടുക്കുകയാണ്. തീവ്രവാദികളെ നിയന്ത്രിക്കാന്‍ തയ്യാറാകാതിരിക്കുന്നതു വഴി പാകിസ്താന്‍ ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കുകയാണ്.
അതിര്‍ത്തി കടന്നുളള തീവ്രവാദം തടയാന്‍ സാദ്ധ്യമായ എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി പറഞ്ഞു. രാഷ്ട്രീയ നേതൃത്വവും സൈനിക നേതൃത്വവും സംയുക്തമായി ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. പാര്‍ലമെന്റ് ആക്രമിച്ച കാര്യം സര്‍ക്കാര്‍ ഗൗരവമായിത്തന്നെയാണ് കാണുന്നത്. അത് രാജ്യത്തിനു നേരെയുളള ആക്രമണമാണ്. അതിര്‍ത്തി കടക്കുന്ന കാര്യം വ്യക്തമായ ആലോചനയ്ക്കു ശേഷം മാത്രമേ തീരുമാനിക്കൂവെന്ന് പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications