ജനവരിയോടെ കടുത്ത സാമ്പത്തിക നടപടി
തിരുവനന്തപുരം: ജനവരി രണ്ടാം വാരത്തോടെ സാമ്പത്തിക പ്രതിസന്ധി യില്‍ നിന്ന് കരകയറാനുള്ള നടപടികള്‍ തുടരാന്‍ ഡിസംബര്‍ 18 ചൊവാഴ്ച നടന്ന യു. ഡി. എഫ് യോഗത്തില്‍ ഏകദേശ ധാരണയായി.
ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ക്കായി ജനവരി ഏഴിന് പ്ലാനിംഗ് ബോര്‍ഡ് യോഗവും എട്ടിന് യു. ഡി. എഫ് യോഗവും ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ചു തീരുമാനം അടുത്ത വര്‍ഷത്തേക്ക് മാറ്റാന്‍ യു.ഡി.എഫില്‍ ധാരണ.
കോര്‍റേഷനുകളും ബോര്‍ഡുകളും പങ്കിടാനും ഏകദേശ ധാരണയായിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടുന്നത് സംബന്ധിച്ച് തീരുമാനമായില്ല. സര്‍ക്കാര്‍ സര്‍വീസ്സിലെ അധികമുള്ള ജീവനക്കാരുടെ പുനര്‍വിന്യാസം പൂര്‍ത്തിയാക്കിയതിന് ശേഷമേ പെന്‍ഷന്‍ പ്രായം വര്‍ദ്ധന പരിഗണിക്കാവൂ എന്ന ആസൂത്രണബോര്‍ഡിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ധാരണ.
2002-ല്‍ മുപ്പത്തയ്യായിരത്തിലേറെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും സര്‍വീസില്‍ നിന്നും വിരമിക്കുന്നുണ്ട്. ഈ ഒഴിവുകളില്‍ അധികമുള്ള ജീവനക്കാരെ പുനര്‍വിന്യാസിക്കണമെന്നാണ് ആസൂത്രണ ബോര്‍ഡിന്റെ ശുപാര്‍ശ. സര്‍ക്കാര്‍ വകുപ്പുകളില്‍ മാത്രം 85000-ത്തില്‍ പരം ജീവനക്കാര്‍ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതെ ശമ്പളം പറ്റുന്നുണ്ടെന്ന് ബോര്‍ഡിന്റെ കണക്കുകള്‍ പറയുന്നു.
ജീവനക്കാരുടെ പുനര്‍ വിന്യാസം നടത്തുന്നതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുന്ന കോണ്‍ഗ്രസ് യൂണിയനുകളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. ചെലവു ചുരുക്കല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നതിന്റെ സൂചനായായാണ് ഇതിനെ കാണേണ്ടത്.ചെലവ് ചുരുക്കല്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ നടപടികള്‍ക്ക് വിധേയമാവാന്‍ പോവുന്ന ഒരു പ്രധാന മേഖല സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ രംഗമാവുമെന്ന് ഇതിനകം ആസൂത്രണബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ വി. രാമചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.
എയ്ഡഡ് സ്കൂള്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കണോ എന്നതുപോലും പുനര്‍ ചിന്തനത്തിന് വിധേയമാക്കാനിടയുണ്ടെന്നാണ് അറിയുന്നത്.












Click it and Unblock the Notifications