ഇന്ത്യപാക് ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചു
ദില്ലി: പാക്ഹൈക്കമ്മീഷണര്‍ വിജയ്നമ്പ്യാരെ പാകിസ്ഥാനില്‍ നിന്നും ഇന്ത്യ തിരിച്ചുവിളിച്ചു. പാര്‍ലമെന്റിനെതിരെ നടന്ന ചാവേര്‍ ആക്രമണത്തിലുള്‍പ്പെട്ട തീവ്രവാദിസംഘടനയ്ക്കെതിരെ പാകിസ്ഥാന്‍ നടപടികളെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇന്ത്യയുടെ ഈ നടപടി.
ഡിസംബര്‍ 21വെള്ളിയാഴ്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിലെ വക്താവ് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. പാകിസ്ഥാനിലേക്കുള്ള ദില്ലി-ലാഹോര്‍ സൗഹൃദബസ്സും സംജോത എന്ന സൗഹൃദത്തീവണ്ടിയും 2002 ജനവരി ഒന്നുമുതല്‍ നിര്‍ത്തലാക്കാനും ഇന്ത്യ തീരുമാനിച്ചു. ഇന്ത്യന്‍ വിദേശകാര്യവക്താവ് നിരുപമാറാവു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
തന്നെ തിരിച്ചുവിളിച്ച നടപടി പാകിസ്ഥാന്‍ ഭരണകൂടത്തിനുള്ള ഇന്ത്യയുടെ ശക്തമായ താക്കീതാണെന്ന് ഇസ്ലാമബാദിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിജയ്നമ്പ്യാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ 25ഓടെ താന്‍ ഇന്ത്യയിലേക്ക് തിരിക്കുമെന്നും നമ്പ്യാര്‍ പറഞ്ഞു.
ഇന്ത്യന്‍ ഹൈക്കമ്മീഷണറെ തിരിച്ചുവിളിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ബിജെപി വക്താവ് വി.കെ. മല്‍ഹോത്ര സ്വാഗതം ചെയ്തു. ഇന്ത്യയില്‍ നടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളെ പാകിസ്ഥാനാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് മറ്റ് രാജ്യങ്ങള്‍ ഇതിലൂടെ മനസ്സിലാക്കുമെന്നും മല്‍ഹോത്ര അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications