അരാഫത്തില്ലാതെ ബത്ലഹേമിലെ ക്രിസ്മസ്
ബത്ലഹേം: യേശുദേവന്റെ ജന്മനഗരമായ ബത്ലഹേമില്‍ ഇക്കുറി പലസ്തീന്‍ നേതാവായ അരാഫത്തില്ലാതെ ക്രിസ്മസ് ആഘോഷം നടന്നു. കഴിഞ്ഞ ആറുവര്‍ഷമായി മുടങ്ങാതെ ബത്ലഹേമിലെ പാതിരാകുര്‍ബാനയില്‍ അരാഫത്ത് പങ്കെടുത്തിരുന്നു.
പക്ഷെ ഇക്കുറി പലസ്തീന്‍-ഇസ്രയേല്‍ ബന്ധം വഷളായതിനെ തുടര്‍ന്ന് ഇസ്രയേല്‍ അരാഫത്തിന്റെ ബത്ലഹേം യാത്ര തടയുകയായിരുന്നു. വെസ്റ്ബാങ്കിലെ റമള്ളയില്‍ കഴിഞ്ഞ മൂന്നാഴ്ചയായി അരാഫത്തിനെ ഇസ്രയേല്‍ തടവിലാക്കിയിരിക്കുകയാണ്. ഇസ്രയേല്‍ ടൂറിസം മന്ത്രി റെഹാവം സീവിയുടെ കൊലയാളികളെ തടവിലാക്കിയാലേ അരാഫത്തിനെ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കൂ എന്ന് ഇസ്രയേല്‍ മുന്നറിയിപ്പുനല്കിയിരുന്നു.
അരാഫത്തിന്റെ വിമാനവും പലസ്തീനിലെ ഏക വിമാനത്താവളവും ഇസ്രയേല്‍ ഈയിടെ തകര്‍ത്തിരുന്നു. 15മൈല്‍ അകലെയുള്ള ബത്ലഹേം നഗരത്തിലേക്ക് ക്രിസ്മസ് രാത്രിയില്‍ പങ്കെടുക്കാന്‍ കാല്‍നടയായിട്ടായാലും താന്‍ ചെല്ലുമെന്ന് അരാഫത്ത് പ്രഖ്യാപിച്ചിരുന്നു. പക്ഷെ തടവില്‍ നിന്ന് പുറത്തുകടക്കാന്‍ ഇസ്രയേല്‍ അരാഫത്തിനെ അനുവദിച്ചില്ല.
ബത്ലഹേം ജനങ്ങളോടായി ഡിസംബര്‍ 25 ചൊവാഴ്ച പലസ്തീന്‍ ടിവിയില്‍ നടത്തിയ പ്രഭാഷണത്തില്‍ അരാഫത്ത് ഇസ്രയേലിനെ വിമര്‍ശിച്ചു. ദു:ഖം നിറഞ്ഞ ഹൃദയത്തോടെയാണ് ഞാന്‍ സംസാരിക്കുന്നത്. ഇസ്രയേലി ടാങ്കുകളും തോക്കുകളും നമ്മുടെ ദേശീയാഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും എന്നെ തടഞ്ഞിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് ലോകം മുഴുവന്‍ കണ്ടു.- അരാഫത്ത് പറഞ്ഞു.
അരാഫത്തിനെ തടഞ്ഞ ഇസ്രയേല്‍ നടപടിയെ വത്തിക്കാന്‍ വിമര്‍ശിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെയും വത്തിക്കാന്‍ വിമര്‍ശിച്ചു. ഈ നടപടി ഇസ്രയേലിന്റെ സല്‍പ്പേരിനെ കളങ്കപ്പെടുത്തിയെന്ന് ഫ്രാന്‍സ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications