കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധമുണ്ടാകാന്‍ സാധ്യതയില്ല

  • By Staff
Google Oneindia Malayalam News

യുദ്ധമുണ്ടാകാന്‍ സാധ്യതയില്ല
ഡിസംബര്‍ 26, 2001

ദില്ലി: പാകിസ്ഥാനുമായി യുദ്ധംവേണമോ എന്ന് തീരുമാനിക്കാന്‍ ചേര്‍ന്ന സുരക്ഷാകാര്യസമിതി ഡിസംബര്‍ 26ചൊവാഴ്ച തീരുമാനമൊന്നുമെടുക്കാതെ പിരിഞ്ഞു. കാലാവസ്ഥ മോശമായതിനാല്‍ സിയാച്ചിനില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന് ദില്ലിയില്‍ എത്താന്‍ കഴിഞ്ഞില്ലെന്നതാണ് യോഗത്തില്‍ തീരുമാനമുണ്ടാകാതിരിക്കാന്‍ കാരണമായി പറയുന്നത്.

ഡിസംബര്‍ 27 വ്യാഴാഴ്ച അഞ്ച് മണിക്ക് ഇന്ത്യയുടെ തീരുമാനം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും മിക്കവാറും തീരുമാനത്തില്‍ യുദ്ധപ്രഖ്യാപനമുണ്ടാകില്ലെന്നാണ് കരുതുന്നത്. പ്രധാനമായും യുദ്ധം വേണ്ടെന്ന അമേരിക്കയുടെയും ചൈനയുടെയും നിലപാടാണ് ഇന്ത്യയെ യുദ്ധതീരുമാനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.

അമേരിക്കയെ സംബന്ധിച്ചിടത്തോളം തീവ്രവാദത്തിനെതിരെ പ്രഖ്യാപിച്ചിരിക്കുന്ന ആഗോളയുദ്ധത്തിന് ഇപ്പോള്‍ പാകിസ്ഥാന്റെ പിന്തുണ അത്യാവശ്യമാണ്. തല്ക്കാലം പാകിസ്ഥാനെതിരായ ഒരു യുദ്ധതീരുമാനത്തിലേക്ക് ഇന്ത്യ നീങ്ങുന്നതില്‍ അമേരിക്കയ്ക്ക് താല്പര്യമില്ല.

ബിജെപിയ്ക്ക് തല്ക്കാലം ഒരു യുദ്ധാന്തരീക്ഷം നിലനിര്‍ത്തേണ്ടതത്യാവശ്യമായതിനാലാണ് ഈ യുദ്ധബഹളങ്ങള്‍ നടത്തുന്നതെന്നും കരുതുന്നു. പോട്ടോയും ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ രക്ഷിക്കലുമാണ് കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ ആവശ്യം.

ഭാവിയിലേക്കാവശ്യമായ എണ്ണ കരുതിവച്ചും വാര്‍ഷികസൈനികപരേഡ് റദ്ദാക്കിയും അതിര്‍ത്തിയിലേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചും ഒരു യുദ്ധനാടകം സൃഷ്ടിക്കുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. അതിര്‍ത്തിയില്‍ ചെറിയതോതില്‍ വെടിവെപ്പുകളുണ്ടാക്കുക എന്നതിനപ്പുറം 1971ലേതു പോലെ ഒരു ഇന്ത്യാ-പാക് യുദ്ധമുണ്ടാകില്ലെന്ന് തന്നെയാണ് സൂചന.

മാത്രമല്ല, ഉത്തര്‍പ്രദേശിലേതടക്കം നാലു സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. സാധാരണ ഒരു യുദ്ധസാഹചര്യമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഒഴിവാക്കുമായിരുന്നു. മാത്രമല്ല, ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി ജനവരിയില്‍ അമേരിക്ക സന്ദര്‍ശിക്കുകയാണ്. യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ ഒരു മന്ത്രിയും രാജ്യംവിട്ടുപോകാറില്ല.

യുദ്ധത്തിനു പകരം ഇന്ത്യയുടെ വ്യോമാതിര്‍ത്തി പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് നിഷേധിക്കുക, പാക് എംബസിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം മരവിപ്പിക്കുക തുടങ്ങിയ നയതന്ത്രതലത്തിലുള്ള യുദ്ധമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉണ്ടാകാനിടയുള്ളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X