തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ല: വാജ്പേയി
ദില്ലി: പാകിസ്ഥാന്റെ തീവ്രവാദത്തെ കര്‍ശനമായി നേരിടുമെന്ന് പ്രധാനമന്ത്രി വാജ്പേയി പുതുവത്സരദിനപ്രസംഗത്തില്‍ വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരെ യുദ്ധംകൊണ്ട് നേടിയെടുക്കാന്‍ കഴിയാത്തത് പാകിസ്ഥാന് തീവ്രവാദം കൊണ്ട് നേടാന്‍ കഴിയില്ല- വാജ്പേയി പറഞ്ഞു.
പഞ്ചാബില്‍ തീവ്രവാദം വളര്‍ത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. അതുപോലെ കശ്മീരിലെ തീവ്രവാദവും പരാജയപ്പെടും. ഡിസംബര്‍ 13ന് നടന്ന പാര്‍ലമെന്റാക്രമണത്തോടെ ഒരു കാര്യം വ്യക്തമായി. പാകിസ്ഥാനിലെ ശക്തികള്‍ ഇന്ത്യന്‍ മണ്ണില്‍ കുഴപ്പങ്ങള്‍ വിതയ്ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് . ആ ആക്രമണം ഇന്ത്യയുടെ ആത്മാഭിമാനത്തിനേറ്റ മുറിവായിരുന്നു. - പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഇന്ത്യ അതിര്‍ത്തിക്കപ്പുറത്തെ തീവ്രവാദത്തിന്റെ ഇരയാണ്. പക്ഷെ ഡിസംബര്‍ 13ന്റെ ആക്രമണം ഇന്ത്യയ്ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. ഇനി ഇതിനപ്പുറമുള്ള ആക്രമണവും നടന്നേക്കാം. പക്ഷെ അതിനനുവദിച്ചുകൂടാ. അത് തടയാനുള്ള ഏകമാര്‍ഗ്ഗം അതിര്‍ത്തിക്കപ്പുറത്തുള്ള തീവ്രവാദത്തില്‍ നിന്നും പാകിസ്ഥാനെ തടയുക എന്നതാണ്.
ഇന്ത്യയ്ക്കെതിരായ ശക്തികളെ തീകൊണ്ട് കളിക്കാന്‍ പാകിസ്ഥാന്‍ അനുവദിച്ചു. ആ തീ പാകിസ്ഥാനുതന്നെ എന്തൊക്കെ ആപത്തുവരുത്തിവയ്ക്കുമെന്ന് പാകിസ്ഥാന്‍ ചിന്തിച്ചില്ല.- വാജ്പേയി പറഞ്ഞു.












Click it and Unblock the Notifications