ജോലി വാഗ്ദാനംചെയ്ത് മന്ത്രിമാര്‍ പീഡിപ്പിച്ചു: യുവതി
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് രണ്ടു മന്ത്രിമാര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി. വിവാഹിതയായ ഈ യുവതി സംസ്ഥാനവനിതാകമ്മീഷനില്‍ പരാതിനല്കിയതിനെത്തുടര്‍ന്ന് വനിതാകമ്മീഷന്‍ രണ്ടു മന്ത്രിമാരോടും വിശദീകരണം ചോദിച്ചിട്ടുണ്ട്.
മന്ത്രിമാരില്‍ നിന്നും വനിതാകമ്മീഷന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ജോലിസംബന്ധമായ കാര്യങ്ങള്‍ സംസാരിക്കാനാണെന്ന് പറഞ്ഞ് മന്ത്രിമാര്‍ ഈ യുവതിയെ രഹസ്യസങ്കേതത്തില്‍ കൊണ്ടുപോയെന്നും പിന്നീട് ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.
ഈയിടെ മന്ത്രിസഭ വനിതാകമ്മീഷന്‍ അംഗങ്ങളുടെ എണ്ണം ഏഴില്‍ നിന്ന് മൂന്നായി കുറച്ചിരുന്നു. യുവതിയുടെ പരാതി ഇല്ലായ്മചെയ്യാനാണ് മന്ത്രിസഭയുടെ ഈ തീരുമാനമെന്നും പരാതിയുണ്ട്.
രണ്ട് മന്ത്രിമാര്‍ക്കും കെ. അച്യുതന്‍ എംഎല്‍എയ്ക്കുമെതിരെ പരാതി നിലനില്ക്കുന്ന സാഹചര്യത്തിലാണ് വനിതാകമ്മീഷന്‍ അംഗങ്ങളുടെ എണ്ണം കുറച്ചതെന്ന് നേരത്തെ സിപിഎമ്മിന്റെ വനിതാവിഭാഗമായ മഹിളാസംഘത്തിന്റെ നേതാക്കള്‍ ആരോപിച്ചിരുന്നു.
മന്ത്രിമാരുടെ പേരുകള്‍ വനിതാകമ്മീഷന്‍ പുറത്തുവിട്ടിട്ടില്ല. മന്ത്രിമാരുടെ മറുപടി ലഭിച്ചതിനു ശേഷം യുവതിയെ കമ്മീഷന്‍ ചോദ്യം ചെയ്യും. യുവതിയുടെ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ മന്ത്രിമാരുടെ പേരുകള്‍ പുറത്തുവിടുമെന്ന് വനിതാകമ്മീഷന്‍ പറഞ്ഞു.












Click it and Unblock the Notifications